എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കും

തിരുവനന്തപുരം: എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. സ്മരണയ്ക്ക് ഇണങ്ങുന്നതരത്തില്‍ ഒരു സ്മാരകമായിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഒരേ പ്രാധാന്യം കൊടുത്ത് പ്രക്ഷോഭമുഖത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എകെജി. അടിയുറച്ച രാഷ്ട്രീയ ബോധ്യത്തിന്റെ പിന്‍ബലത്തില്‍ നവോത്ഥാന കേരള സൃഷ്ടിയ്ക്കു വേണ്ടി പടപൊരുതിയ എകെജി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും ജ്വലിക്കുന്ന കേരളത്തിന്റെ അധ്യായമാണ്.

ജന്മനാടായ പെരളശേരിയില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശാരീരികമായ അവശത അവഗണിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി വിജയിച്ച എകെജിയെ ‘ഇഷ്ടതോഴന്‍, ഭര്‍ത്താവ്, സഖാവ്, നേതാവ്’ എന്ന ലേഖനത്തില്‍ സുശീലാ ഗോപാലന്‍ അനുസ്മരിക്കുന്നത് ഉള്‍പ്പുളകത്തോടെ മാത്രമേ വായിച്ചു തീര്‍ക്കാനാവൂ.

നിരാഹാരം പ്രഖ്യാപിച്ച പ്രിയ സഖാവിനോട് ആരോഗ്യത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍, ‘ആയിരം തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ 24 ദിവസമായി പട്ടിണിയിലാണ്. ഈ ഗ്രാമത്തിലെ ആയിരക്കണക്കായ കുടുംബങ്ങൾക്ക് ഉപ്പുപോലും വാങ്ങാന്‍ കഴിയുന്നില്ല. അവരുടെ കഷ്ടപ്പാടുകളേക്കാള്‍ വലുതാണോ എന്റെ ആരോഗ്യം?’ എന്നു തട്ടിക്കയറിയ ഏകെജിയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളുടെയും ചരിത്ര പാഠങ്ങളുടെയും പിന്‍ബലത്തോടെ പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ടതുണ്ട്. മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

