എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കര്‍ ഐ.എ.എസിനെ മാറ്റി. പകരം മീര്‍ മുഹമ്മദ് ഐ.എ.എസിന് അധിക ചുമതല നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രമാണ് അദ്ദേഹത്തെ മാറ്റിയത്. ഐടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുമെന്നാണ് കരുതുന്നത്. കേസില്‍ അന്വേഷണം ശക്തമായി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഉള്‍പ്പടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണായക ചുമതലയുള്ള ചോദ്യം ചെയ്യപ്പെട്ടാല്‍ ഓഫീസും പ്രതിക്കൂട്ടിലാകും. ഇതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിപിഎം പാര്‍ട്ടി ഘടകവുമായി ചര്‍ച്ച ചെയ്തെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലെ ആരെങ്കിലും അതില്‍ പങ്കാളികളാണെങ്കില്‍ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം, ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

