ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതി 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു

കൊല്ലം: പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതി പത്താമുദയ ദിനത്തില്‍ പ്രദേശത്ത് 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. പലവിധ കാരണങ്ങളാല്‍ മലയാളി തെങ്ങ് എന്ന കാര്‍ഷിക സംസ്കാരത്തില്‍ നിന്ന് അകന്നു പോകുകയും വരും തലമുറകള്‍ക്ക് ഇത് അന്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ബോധവല്‍ക്കരണമെന്ന നിലയിലും കൂടുതല്‍ ഗ്രാമീണരെ പരമ്പരാഗതമായ നാളീകേര കൃഷിയിലേക്ക് മടക്കികൊണ്ടുവരുവാനുമുളള ശ്രമമെന്ന നിലയിലുമാണ് സമൃദ്ധി പരിപാടിക്ക് നേതൃത്വം നല്‍കിയത്.
പന്നിമണ്‍ സമൃദ്ധി ആസ്ഥാനത്ത് തെങ്ങിന് തൈ നട്ട് കൊണ്ട് മയ്യനാട് കൃഷി ഓഫീസര്‍ ശ്രീവത്സ പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്തംഗം സിന്ധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാവായിക്കുളം കൃഷി ഓഫീസര്‍ ഷിബുകുമാര്‍, വടക്കെ മൈലക്കാട് ഗോപിനാഥന്‍പിള്ള, അരവിന്ദാക്ഷന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

