ഉപ്പുവെള്ളം കയറിയ തീരദേശത്ത് ശുദ്ധജലമെത്തിക്കും

കോഴിക്കോട്: കടല്‍ക്ഷോഭം കാരണം ഉപ്പുവെള്ളം കയറിയ കടലുണ്ടി ഭാഗത്തെ തീരപ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പയ്യോളിയിലും ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ വരള്‍ച്ചാ കാലത്തെന്നപ്പോലെ ടാങ്കറിലോ അല്ലാതെയോ ശുദ്ധജലം വിതരണം ചെയ്യാന്‍ കലക്റ്റര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
കടല്‍ തീരങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. കടല്‍ഭിത്തിയോടു ചേര്‍ന്ന് 50 മീറ്ററിനുള്ളിലുള്ള വീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പാക്കേജ് ഉണ്ടാക്കും. കടല്‍ഭിത്തികള്‍ക്ക് ശക്തികൂട്ടുന്നതിന് കല്ലിനൊപ്പം കണ്ടല്‍ക്കാടും വെച്ചുപിടിപ്പിക്കും. കടല്ഭിത്തികള്ക്കായി ഒട്ടേറെ പദ്ധതികള്‍ ഉണ്ട്. അവ പുനരാവിഷ്കരിച്ച് ഹാര്‍ബര്‍ എന്‍ജിനിയറിങ്, ജലസേചന വകുപ്പുകളുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

എം.കെ രാഘവന് എം.പി, എംഎല്‍എമാരായ വി.കെ.സി മമ്മദ് കോയ, എം.കെ മുനീര്‍, കെ. ദാസന്, എ.കെ ശശീന്ദ്രന്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, എഡിഎം ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

