KOYILANDY DIARY.COM

The Perfect News Portal

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം

ഡല്‍ഹി > ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പശുക്കള്‍ക്കായുള്ള പ്രത്യേക ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഇട്ടാവയില്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ പതിനഞ്ചുകാരനായ മകന്റെ മൃതദേഹം തോളിലേന്തി അച്ഛന്‍ നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് സര്‍ക്കാരിന് നാണക്കേടായി.

പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനുപിന്നാലെയാണ് യുപിയില്‍ പ്രത്യേക ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുന്നത്. ഗോവംശ് ചികിത്സാ മൊബൈല്‍ വാനുകള്‍ എന്ന പേരിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ലഖ്നൌ, അലഹബാദ്, ഗോരഖ്പുര്‍, മഥുര, പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലാണ് ആംബുലന്‍സ്. ഉപേക്ഷിക്കുന്നതും പരിക്കേല്‍ക്കുന്നതുമായ പശുക്കളെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഗോശാലകളിലേക്കോ മൃഗാശുപത്രിയിലേക്കോ കൊണ്ടുപോകുന്നതിനാണ് ആംബുലന്‍സ്.

പരിക്കേറ്റ പശുക്കളെ കണ്ടാല്‍ വിളിച്ച് അറിയിക്കുന്നതിന് ഗോ സേവാ ടോള്‍ഫ്രീ നമ്പരും തുടങ്ങിയിട്ടുണ്ട്. പശുക്കള്‍ക്കായുള്ള ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും സഹായിയും ഉണ്ടാകും. കറവ വറ്റിയ പശുക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. തെരുവുകളില്‍ പശുക്കള്‍ പ്ളാസ്റ്റിക് ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മുനിസിപ്പല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും.

Advertisements

പശുക്കള്‍ക്കായി എല്ലാവിധ സൗകര്യങ്ങളോടെയുമുള്ള അഞ്ച് ആംബുലന്‍സ് ഉദ്ഘാടനം ചെയ്തതിനുപിന്നാലെയാണ് ഇട്ടാവയില്‍ ആംബുലന്‍സ് കിട്ടാതെ മകന്റെ മൃതദേഹവുമായി നാല്‍പ്പത്തഞ്ചുകാരനായ ഉദയ്വീര്‍ എന്ന തൊഴിലാളിക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകേണ്ടി വന്നത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സോ സ്ട്രെച്ചറോ അനുവദിച്ചില്ലെന്ന് ഉദയ്വീര്‍ പറഞ്ഞു. ഏഴു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍നിന്ന് മകനെയും കൊണ്ട് രണ്ടുവട്ടം ഉദയ്വീര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, ശരിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ല. രണ്ടാംവട്ടം കൊണ്ടുവന്നപ്പോള്‍ അല്‍പ്പനേരം പരിശോധിച്ചശേഷം മരിച്ചുവെന്ന് അറിയിച്ച് ഡോക്ടര്‍മാര്‍ ഒഴിവാക്കി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *