ഉണ്യാലില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വലിയ കമ്മുട്ടകത്ത് നിസാറിനാണ് മാരകമായി വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് സംഭവം.
സുഹൃത്തിനൊപ്പം ചാവക്കാട് നേര്‍ച്ച കഴിഞ്ഞു വരുന്ന വഴിയായിരുന്നു നിസാര്‍. നേരത്തെ വിവരം ലഭിച്ച ലീഗ് അക്രമികള്‍ പഞ്ചാരമൂല ഭാഗത്ത് ആയുധങ്ങളുമായി പതിയിരുന്നു. ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വാളും, മഴുവും അടക്കമുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. നിസാറിനെ കൊല്ലണമെന്ന ലക്ഷ്യത്തിലായിരുന്നു ലീഗ് അക്രമികള്‍. അതു കൊണ്ടു തന്നെയാണ് നിസാറിനെ മാത്രം ആക്രമിച്ചത്.

നിസാറിന്റെ കൈകളും, കാലുകളും വെട്ടേറ്റതിനെ തുടര്‍ന്ന് അറ്റുതൂങ്ങി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഉണ്യാല്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ വച്ചുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നൊള്ളൂ.

തീര്‍ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ ഉണ്യാലില്‍ അക്രമം വിതയ്ക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. ദിവസങ്ങളായി പറവണ്ണയില്‍ ലീഗ് അക്രമവുമായി രംഗത്തുണ്ട് അതിന്റെ തുടര്‍ച്ചയായാണ് സംഭവം. താനൂര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
