ഉജ്വല റാലിയോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം

കോഴിക്കോട് > ഉജ്വല റാലിയോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം. വ്യാഴാഴ്ച കോഴിക്കോട്ട് നടന്ന റാലിയില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നു. തൊഴിലാളികളുടെ വര്‍ഗബോധത്തെ വര്‍ഗീയ രാഷ്ട്രീയത്തിന് അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി നടന്ന റാലി കടപ്പുറത്തെ ചുകപ്പിച്ചു.
വൈകിട്ട് നാലോടെ നഗരത്തിന്റെ നാല് കേന്ദ്രങ്ങളില്‍നിന്നായാണ് പ്രകടനം ആരംഭിച്ചത്. ചെമ്പതാകയ്ക്കു കീഴില്‍ തളരാത്ത വിപ്ളവാവേശവുമായി സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ തൊഴിലാളിവര്‍ഗത്തിന്റെ പരിഛേദമാകെ റാലിയില്‍ അണിനിരന്നു. പ്രധാന പ്രകടനം മുതലക്കുളത്തുനിന്ന് തുടങ്ങി സി എച്ച് മേല്‍പ്പാലം വഴി ബീച്ചിലെത്തി. ഇ എം എസ് സ്റ്റേഡിയത്തിന് പടിഞ്ഞാറുവശത്തുനിന്നും കടപ്പുറം സ്വാതന്ത്യ്രസമര സേനാനി രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നും ക്രിസ്ത്യന്‍ കോളേജിന് സമീപത്തുനിന്നും മറ്റ് മൂന്ന് പ്രകടനങ്ങള്‍ കടപ്പുറത്തേക്കൊഴുകി. ബാന്‍ഡ് മേളങ്ങളും ചെണ്ടവാദ്യവും തായമ്പകയും മുദ്രാവാക്യങ്ങളുമായി നീങ്ങിയ പ്രകടനം കടപ്പുറത്ത് സമാപിച്ചപ്പോള്‍ അസ്തമയ സൂര്യന്റെ ശോഭയ്ക്കൊപ്പം ചെങ്കൊടിയുടെ അരുണിമയും കടപ്പുറത്തെ വിപ്ളവാവേശത്തിലാഴ്ത്തി.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതവും സി പി സുലൈമാന്‍ നന്ദിയും പറഞ്ഞു.

പ്രകടനത്തിന് ടി ദാസന്‍, എം ഭാസ്കരന്‍, കെ ചന്ദ്രന്‍, സി കെ ഹാജിറ, പി പി പ്രേമ, ആര്‍ വി ആയിഷാബി എം ധര്‍മജന്‍, കെ കെ മമ്മു, സി കുഞ്ഞമ്മദ്, പി എ ചന്ദ്രശേഖരന്‍, എ കെ രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.

