KOYILANDY DIARY

The Perfect News Portal

ഈ വര്‍ഷം മുതല്‍ ഒമാനില്‍ സിഗരറ്റ്, മദ്യം തുടങ്ങിയ വസ്തുക്കൾക്ക് നികുതി വര്‍ധന

മസ്കറ്റ്: സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധന ഈ വര്‍ഷം മുതല്‍ ഒമാനില്‍ നിലവില്‍ വന്നേക്കും. നൂറ് ശതമാനം വരെ നികുതിയില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജി.സി.സി ഫൈനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കോഓപറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട സെലക്ടീവ് ടാക്സ് എഗ്രിമെന്റ് പ്രകാരമുള്ള നികുതി വര്‍ധനവാണ് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യമെങ്കില്‍ ഭാവിയില്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

 ധാരണ പ്രകാരം അമ്പത് മുതല്‍ നൂറ് ശതമാനം വരെ നികുതി വര്‍ധനവാണ് ഉണ്ടാവുക. പുകയിലയ്ക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. നികുതിയുടെ വിശദ വിവരങ്ങള്‍ സെക്രട്ടറിയേറ്റ് ജനറല്‍ ഫോര്‍ ടാക്സേഷന്‍ വൈകാതെ പുറത്തുവിടും.

ആരോഗ്യപ്രശ്നങ്ങളുടെ ചികില്‍സയ്ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വന്‍തുക ചെലവാക്കേണ്ടി വരുന്ന സാഹചര്യവും നികുതി വര്‍ധനവിന് പ്രേരണയായതായി റിപ്പോര്‍ട്ട് പറയുന്നു. ചികില്‍സാ ചെലവ് കുറക്കുന്നതിനൊപ്പം എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. പുകയില ഉപഭോഗം മൂലം രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഉണ്ടാകുന്ന ആഘാതം കുറക്കാന്‍ നികുതിവര്‍ധനവ് സഹായകരമാകുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ദേശീയ പുകയില നിയന്ത്രണകമ്മിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജവാദ് അല്‍ ലവാട്ടി പറഞ്ഞു. അഞ്ച് ശതമാനം വാറ്റ് കൂടി വരുന്നതോടെ പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ നല്ല വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *