ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീ പടര്‍ന്ന് വന്‍ നാശനഷ്ടം

നാദാപുരം: ചാലപ്പുറം തൈക്കണ്ടി പള്ളിക്ക് സമീപം ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീ പടര്‍ന്ന് വന്‍ നാശനഷ്ടം. പടിക്കോട്ടില്‍ മമ്മു മുസ്ല്യാരുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ഇരുനില വീടിന്റെ മുകള്‍ നിലയില്‍ ഓഫ് ചെയ്യാതെ വെച്ച ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീ പടര്‍ന്ന് വീടിനകത്തെ അലമാരയ്ക്ക് തീപിടിക്കുകയായിരുന്നു. മുറിയുടെ ജനാലകളും തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചു. ചേലക്കാടുനിന്ന് ഫയര്‍ഫോഴ്സും നാദാപുരത്ത് നിന്ന് കണ്ട്രോള് റൂം പോലീസും സ്ഥലത്തെത്തി.

