ഇറച്ചിക്കോഴിക്ക് 87 രൂപ : കച്ചവടക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു

കോഴിക്കോട്: ഇറച്ചിക്കോഴി കച്ചവടക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക് 87 രൂപ നിരക്കില്‍ വില്‍പ്പന നടത്താമെന്ന് വ്യാപാരികള്‍ സമ്മതിച്ചു. ജീവനുള്ള ഇറച്ചിക്കോഴി 87 രൂപ നിരക്കില്‍ കടകളില്‍ നിന്ന് ലഭിക്കുമെന്ന് തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇറച്ചി മുറിച്ച് നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് കടക്കാര്‍ക്ക് ഈടാക്കാം. ഇനിയുള്ള വിലനിലവാരം കെപ്കോയുടെ ഈടാക്കുന്ന വില അനുസരിച്ച് നിശ്ചയിക്കും. അടുത്ത ദിവസം മുതല്‍ പുതിയ വിലക്ക് ഇറച്ചിക്കോഴികളെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏഴ് ലക്ഷം കോഴികളെ മാത്രമെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്നു. ഇത് ഒരുകോടിയാക്കും. കുറഞ്ഞത് 30 രൂപയ്ക്ക് സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കേരളത്തിന് ആവശ്യമായ മൂന്നില്‍ ഒന്ന് ഇറച്ചിക്കോഴികളെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

.

