KOYILANDY DIARY

The Perfect News Portal

ഇരുപത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

തിരുവനന്തപുരം > ലോകസിനിമയുടെ വിസ്മയ കാഴ്ചകളിലേക്ക് ജാലകം തുറന്ന് ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്  തിരി തെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായി. സമഗ്രസംഭാവനയ്ക്കുള്ള  പുരസ്കാരം വിഖ്യാത ചെക്ക് സംവിധായകന്‍ ജിറി മെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

62 രാജ്യങ്ങളില്‍നിന്നുള്ള 182 ചിത്രങ്ങളാണ് മേളയിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 ചിത്രവും ലോക സിനിമാ വിഭാഗത്തില്‍ 81 ചിത്രവും പ്രദര്‍ശിപ്പിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല്് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍.

അഫ്ഗാന്‍ ചിത്രം പാര്‍ടിങ്ങായിരുന്നു ഉദ്ഘാടന ചിത്രം. ആദ്യ ദിനമായ വെള്ളിയാഴ്ച ഉദ്ഘാടന ചിത്രമുള്‍പ്പെടെ 12 ലോക സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലെ 13 തിയറ്ററുകളിലായാണ് പ്രദര്‍ശനം. 14000 പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 16 വരെയാണ് മേള.

Advertisements

ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി കെ പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ശശി തരൂര്‍ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന് നല്‍കി പ്രകാശനം ചെയ്തു. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖെലീഫി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍മാന്‍ ബീനാ പോള്‍, ലെനിന്‍ രാജേന്ദ്രന്‍, പി ശ്രീകുമാര്‍, ഷീല എന്നിവര്‍ സന്നിഹിതരായി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മധു തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിനെത്തി. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *