ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ അവാഡിന്റെ തിളക്കത്തില്‍

പയ്യോളി : അന്തര്‍ദേശീയ കരകൌശല മേളക്ക് ഒരുങ്ങിയ ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ അവാഡിന്റെ തിളക്കത്തില്‍. സര്‍ഗാലയയിലെ സ്ഥിരം കലാകാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി എന്‍ സി അയ്യപ്പ(75) നെ തേടിയാണ് വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സിലിന്റെ അവാഡ് എത്തിയത്. അയ്യപ്പന്റെ കോറോ ഗ്രാസ് ഉല്‍പ്പന്നങ്ങളാണ് അവാഡിന് പരിഗണിച്ചത്.
കുവൈത്ത് കേന്ദ്രീകരിച്ചുള്ള ജൂറി കമ്മിറ്റിയാണ് അയ്യപ്പനെ തെരഞ്ഞെടുത്തത്. 240 എന്‍ട്രികളില്‍നിന്ന് കരകൗശല മേഖലകളില്‍ കഴിവു തെളിയിച്ച 118 പേരെയാണ് അവാര്‍ഡിന് പരിഗണിച്ചത്. കേരളത്തില്‍നിന്ന് തെരഞ്ഞെടുത്ത ഏക കലാകാരനാണ് സര്‍ഗാലയയില്‍ നിന്നുള്ള അയ്യപ്പന്‍. സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചതു മുതല്‍ ഇവിടുത്തെ സ്ഥിരം കലാകാരനാണ്. ആറു മാസം മുമ്പ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
18-ാം വയസ്സിലാണ് കലാരംഗത്തെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കിളിമംഗലം നാലുപുരക്കല്‍ അയ്യപ്പന്‍ കോറോ ഗ്രാസ് മാറ്റുകളില്‍ വൈദഗ്ധ്യം തെളിയിച്ച കലാകാരനാണ്. ഭാര്യ: സരോജിനി. കൃഷ്ണകുമാര്‍, സത്യാഭാമ എന്നിവര്‍ മക്കളാണ്.

