ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്: ചൊവ്വാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. തിരിച്ച് വരവില്‍ പഴയ വ്യവസായ മന്ത്രിസ്ഥാനം തന്നെ ഇപി ജയരാജന് നല്‍കാനാണ് സിപിഎം തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജന്റെ തിരിച്ച് വരവ് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടാകും.
ചൊവ്വാഴ്ച മന്ത്രിയായി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. ചികിത്സാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുകയാണ്. അതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന തീരുമാന പ്രകാരമാണ് ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ജയരാജന്റെ തിരിച്ച് വരവോടെ പിണറായി വിജയന്‍ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും.

പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ഇപി ജയരാജന് രാജി വെയ്‌ക്കേണ്ടതായി വന്നത്. സഹോദരിയുടെ മകള്‍ ദീപ്തി നിഷാദ്, ഭാര്യാ സഹോദരി പിജെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്ബ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് വിവാദത്തിലായത്. സംഭവത്തില്‍ വിജിലന്‍സ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ജയരാജന്‍ പുറത്തായത്.

അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കി. ഒപ്പം ഹൈക്കോടതി കേസ് തള്ളുകയും ചെയ്തതോടെയാണ് ഇപി ജയരാജനെ തിരിച്ചെടുക്കാനുളള ആലോചനയിലേക്ക് സിപിഎം എത്തിച്ചേര്‍ന്നത്. ഫോണ്‍കെണി വിവാദത്തില്‍ രാജി വെയ്‌ക്കേണ്ടി വന്ന എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെ വന്ന പശ്ചാത്തലത്തിലാണ് ഇപിക്കും തിരിച്ച് വരവിനുള്ള കളമൊരുങ്ങിയത്.

