KOYILANDY DIARY

The Perfect News Portal

ഇന്ന് നിശ്ശബ്ദ പ്രചാരണം; കേരളം നാളെ ബൂത്തിലേക്ക്

നാടെങ്ങും തിളച്ചുയര്‍ന്ന പോരാട്ടച്ചൂടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രീയ കേരളം ഒന്നരമാസം സാക്ഷ്യംവഹിച്ച വാശിയേറിയ പ്രചാരണത്തിന് അത്യന്തം ആവേശം മുറ്റിയ അന്തരീക്ഷത്തിലാണ് സമാപനമായത്. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.

23ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് സ്‌റ്റേഷനാണ് ക്രമീകരിക്കുന്നത്. വോട്ടിങ് മെഷീന്‍ അടക്കമുള്ള പോളിങ് സാമഗ്രികള്‍ തിങ്കളാഴ്ച വിതരണം ചെയ്യും. വോട്ടെടുപ്പിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. 58,138 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷയും ഒരുക്കും.

സംസ്ഥാന പൊലീസിന് പുറമെ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനയെയും വിന്യസിക്കും. മെഗാ റോഡ് ഷോയും ബൈക്ക് റാലികളും ഇടിമുഴക്കമായി ഉയര്‍ന്ന മുദ്രാവാക്യങ്ങളും ഒക്കെ ചേര്‍ന്ന് കലാശക്കൊട്ട് നാടിനെ ഇളക്കിമറിച്ചു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച്‌ നടന്ന റാലികളിലും മറ്റും അണിനിരന്നത്.

Advertisements

പ്രധാന കവലകളില്‍ കൂറ്റന്‍ പതാകകളും സ്ഥാനാര്‍ഥികളുടെ പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടിയവര്‍ ആവേശപ്പൂരം തീര്‍ത്താണ് മടങ്ങിയത്. അങ്ങിങ്ങ് ഉന്തും തള്ളും വാക്കേറ്റവുമൊക്കെ ഉണ്ടായെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങളില്ല. തിരുവനന്തപുരത്ത് വേളിയില്‍ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്ബ് റോഡ് ഷോയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എത്തിയത് വിവാദമായി.

എല്‍ഡിഎഫ് റാലി നടക്കുന്നതിനിടെയാണ് ആന്റണിയുടെ വാഹന വ്യൂഹം കടന്നുവന്നത്. ഇതേത്തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച്‌ വാഹനത്തില്‍നിന്ന് ഇറങ്ങിയ ആന്റണിയും കൂട്ടരും എല്‍ഡിഎഫ് റോഡ് ഷോ തടഞ്ഞതായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *