ഇന്ധന വിലവർദ്ധനവിലും ലക്ഷദ്വീപിനോടുള്ള അവഗണനയിലും ജനതാദൾ (എസ്) പ്രതിഷേധം
കൊയിലാണ്ടി: പെട്രോളിൻ്റെയും ഡീസലിൻ്റെയും തുടർച്ചയായുള്ള വിലവർദ്ധനവിലും ലക്ഷദ്വീപിനോടുള്ള അവഗണനയിലും പ്രതിഷേധിച്ചു കൊണ്ട് ജനതാദൾ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുകയും സാധാരണക്കാരായ ആളുകളുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയതു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദിവസം തോറും ഇന്ധനവില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് സാധാരണക്കാരുടെ ജീവിതം കുടുതൽ ദുസ്സഹമാക്കിയിരുക്കുകയാണെന്ന് ജനതാദൾ (എസ്) നേതാവും ലോക കേരള സഭാംഗവുമായ പി.കെ.കബീർ സലാല അഭിപ്രായപ്പെട്ടു. ജനതാദൾ (എസ്) കൊയിലാണ്ടി നിയോജമണ്ടലം കമ്മിറ്റി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അയൽ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി വില പെട്രോളിനും ഡീസലിനും നൽകേണ്ടി വരുന്നത് കേന്ദ്ര സർക്കാർ ജനങ്ങളോടു കാണിക്കുന്ന വെല്ലുവിളിയാണ്. എണ്ണക്കമ്പനി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാനുള്ള ഒത്താശയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. കേരളവുമായി വളരെ അടുത്തു ബന്ധം പുലർത്തുന്ന ലക്ഷദ്വീപ് നിവാസി കളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നിലപാടിലും അദ്ദേഹം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.


നുറുകണക്കിന് താൽക്കാലിക ജീവനക്കാരേയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാൻ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന അഡ്മിനിസ്ടേറ്റർ ലക്ഷക്കണക്കിന് രൂപയാണ് ലക്ഷദ്വീപിലേക്കുള്ള ഓരോ യാത്രക്കും ചിലവാക്കുന്നത്. പ്രതിഷേധിക്കുന്ന ദ്വീപു നിവാസികളെ കേസിൽ കുടുക്കുന്ന തന്ത്രമാണ് അഡ്മിനിസ്ടേറ്റർ സ്വീകരിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഗാന്ധിയൻ മാർഗത്തിൽ പ്രതിഷേധിക്കുവാനുള്ള അവകാശത്തെയാണ് ഇല്ലായ്മ ചെയ്യുന്നത്. നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് മേലേപ്പുറത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.ദേവരാജ് തിക്കോടി, രാമിസ് കാപ്പാട്, കെ.എം. ഷാജി, ടി.കെ. രാഗേഷ് എന്നിവർ സംസാരിച്ചു.


