ഇന്ധനക്കൊള്ളക്കെതിരെ രാജ്യവ്യാപക ഹര്‍ത്താല്‍ തുടങ്ങി

ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരായി ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി. ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലിനൊപ്പം പകല്‍ ഒമ്ബതു മുതല്‍ മൂന്നു വരെ കോണ്‍ഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌് ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാര്‍ടികള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്.
കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. അതേസമയം അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിമാനത്താവളയാത്രകള്‍ എന്നിവക്ക് ഹര്‍ത്താല്‍ തടസമായിട്ടില്ല.

വിലവര്‍ധന രൂക്ഷമായി ബാധിച്ച മോട്ടോര്‍ തൊഴിലാളി സംഘടനകളും ട്രക്ക് ഉടമാ സംഘടനകളുമെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ റോഡുഗതാഗത കോര്‍പറേഷന്‍ സംഘടനകളും പിന്തുണ അറിയിച്ച് രംഗത്തുവന്നു. ഡിഎംകെ, ജെഡിഎസ്, എന്‍സിപി, ശിവസേന, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ജെഎംഎം തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ അണിചേരും.

അതിനിടെ ഹര്‍ത്താലിനെയും ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. എന്നാല്‍, ഒഡിഷയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന‌് ബിജു ജനതാദള്‍ വ്യക്തമാക്കി.
ഒഡിഷ, ബിഹാര്‍, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും പരീക്ഷകള്‍ മാറ്റിവച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച‌്, തിങ്കളാഴ‌്ച ഹര്‍ത്താലിനുമുന്നോടിയായി എല്‍ഡിഎഫ‌് നേതൃത്വത്തില്‍ ഞായറാഴ‌്ച വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ധിപ്പിച്ച‌് ജീവിതം നരകതുല്യമാക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവുമായി ഓരോ കേന്ദ്രത്തിലും നൂറുകണക്കിനുപേര്‍ അണിനിരന്നു.
