KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് എസ്.പി.ബിയുടേത്: മുഖ്യമന്ത്രി

കോഴിക്കോട്: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി.ബിയുടെ സ്മരണ അനുപമമായ ആ ശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ കുറിച്ചു..

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

Advertisements

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്‍റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.

ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്‍റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *