ഇന്തോനേഷ്യയിലെ സുനാമി; മരണം 30 ആയി, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയില്‍ സുനാമി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് 30 പേര് മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. അതോടോപ്പം റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ഹെലികോപ്റ്റര്‍ മുഖാന്തരമുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര് താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍.

വെള്ളിയാഴ്ച രാവിലെ റിക്ടര്‍സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസിയില്‍ ആദ്യമുണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. പിന്നാലെ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. രാവിലത്തെ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ ദ്വീപായ ലംബോക്കില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 460 പേര് മരണപ്പെട്ടിരുന്നു.

