KOYILANDY DIARY

The Perfect News Portal

ഇനി മലയാളികളായ പ്രവാസികൾക്ക് നോട്ട് മാറാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം

തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നു പഴയ നോട്ടുകള്‍ മാറി വാങ്ങാന്‍ മലയാളികളായ പ്രവാസികള്‍ക്കു ചെന്നൈ, മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, നാഗ്പുര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളെ ആശ്രയിക്കേണ്ടിവരും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസര്‍വ് ബാങ്ക് ശാഖകളില്‍നിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നല്‍കിയാല്‍ മതിയെന്ന തീരുമാനത്തെത്തുടര്‍ന്നാണ് ഈ സ്ഥിതിവിശേഷം.

കേരളത്തില്‍ റിസര്‍വ് ബാങ്കിനു കൊച്ചിയിലും തിരുവനന്തപുരത്തുമാണു റീജണല്‍ ഓഫീസുകളുള്ളത്. ഈ രണ്ടിടത്തും പ്രവാസികളുടെ പണം മാറി നല്‍കേണ്ടെന്നു ബന്ധപ്പെട്ടവര്‍ക്ക് ഒന്നാം തീയതി നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നോട്ട് മാറ്റി വാങ്ങുന്നതിനായി ഇന്നലെ തിരുവന്തപുരത്തെയും കൊച്ചിയിലെയും ആര്‍ബിഐ ഓഫീസുക ളില്‍ എത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. റദ്ദാക്കപ്പെട്ട കറന്‍സി മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെയാണു പ്രവാസി ഇന്ത്യക്കാര്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്. നോട്ട് പിന്‍വലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച്‌ 31 വരെയും നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പ്രവാസികള്‍ റദ്ദാക്കപ്പെട്ട കറന്‍സിയുടെ വിവരങ്ങള്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പക്കല്‍ നല്‍കണം. നോട്ടിന്റെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങളാണു നല്‍കേണ്ടത്. കസ്റ്റംസിന്റെ മുദ്രവച്ച സര്‍ട്ടിഫിക്കറ്റ് സഹിതം ഇവ റിസര്‍വ് ബാങ്കില്‍ നല്‍കാം. തെരഞ്ഞെടുക്കപ്പെട്ട റിസര്‍വ് ബാങ്ക് ശാഖകളില്‍നിന്നു മാത്രമേ പണം മാറ്റി വാങ്ങാന്‍ സാധിക്കൂ എന്ന തീരുമാനം പ്രവാസികളെ ബുദ്ധിമുട്ടിലാക്കും. കൊച്ചിയിലെ റിസര്‍വ് ബാങ്ക് ശാഖയിലേക്ക് ഇതുസംബന്ധിച്ചു നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *