ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെതെന്ന് ഉറപ്പിക്കാന്‍ മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേതെന്ന
സംശയത്തെ സാധൂകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പായ ഒ പോസിറ്റീവ് ആണ്. രക്തക്കറ ജിഷ്ണുവിന്റെതെന്ന് ഉറപ്പിക്കാന്‍ മാതാപിതാക്കളുടെ രക്തസാമ്പിളുകളും പരിശോധിക്കും. ഇന്ന് തന്നെ ഡിഎന്‍എ പരിശോധന നടക്കും.
കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദനത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതരുടേത്. എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു.

ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ട്.

