ഇഎസ്‌ഐ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളെന്ന ആവശ്യവുമായി കേന്ദ്രത്തിന് മന്ത്രി ടി പി രാമകൃഷ്ണന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രതൊഴില്‍-എംപ്ലോയ്‌മെന്റ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വറിന് മന്ത്രി കത്തയച്ചു.
ശസ്ത്രക്രിയ നടക്കുന്ന എല്ലാ ആശുപത്രികളിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച കാര്യം കത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും രണ്ട് വെന്റിലേറ്റര്‍ സൗകര്യത്തോടെ ചുരുങ്ങിയത് ആറ് കിടക്കകളുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ സജ്ജീകരിക്കാന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ 2018 ജൂണില്‍ കോര്‍പറേഷന്റെ കീഴിലുള്ള ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് സജ്ജീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കോര്‍പറേഷന്‍ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒമ്ബത് ഇഎസ്‌ഐ ആശുപത്രികളിലും അടിയന്തിരമായി ഇന്റന്‍സിവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എത്രയും വേഗം ഇഎസ്‌ഐ കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കണം. തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.

ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇഎസ്‌ഐ ആശുപത്രികളില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തുവരികയുമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തെ ഒമ്ബത് ഇഎസ്‌ഐ ആശുപത്രികളിലും എത്രയും പെട്ടെന്ന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഒമ്ബത് ആശുപത്രികള്‍ക്കു പുറമെ സംസ്ഥാനത്ത് ഇഎസ്‌ഐ 143 ഡിസ്പന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്. 10.91 ലക്ഷം തൊഴിലാളികള്‍ നിലവില്‍ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ 7.8 ലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.




