ആള്‍ക്കൂട്ട കൊലപാതകം ഒരു വിഷയമല്ല അമിത് ഷാ : രാജസ്ഥാനില്‍ വിജയം സുനിശ്ചിതം

ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതോടെ ഇന്ധനവില രണ്ടര രൂപ കുറഞ്ഞതിനു പിന്നാലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആള്‍ക്കൂട്ട കാലപാതകം അടക്കമുള്ള കാര്യങ്ങളൊന്നും ബിജെപിക്ക് ഒരു വിഷയമേയല്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ ബിജെപി ജയിച്ചിട്ടുണ്ടെന്നും അമിത്ഷാ ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാട്ടുന്നു. ജയ്പൂരില്‍ നടന്ന പാര്‍ട്ടി യോഗത്തിനിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പോയവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. ഇതില്‍ മിക്കതും പശുക്കടത്ത് ആരോപിച്ചുള്ളതായിരുന്നു. എന്നാല്‍ ഇതൊന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കില്ലെന്നും ബിജെപി മിന്നുന്ന വിജയം കാഴ്ചവെക്കുമെന്നും അമിത് ഷാ പറഞ്ഞു.
ദാദ്രി കൊലപാതകത്തെ കുറിച്ച് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും ബിജെപി വിജയിച്ചിട്ടുണ്ടെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. എന്നൊക്കെ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം ചിലര്‍ അഖ്ലക് കൊലപാതകവും അവാര്‍ഡ് തിരിച്ചുതരലും എല്ലാം വീണ്ടും എടുത്തിടും. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ വിജയിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴും ഞാന്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ തന്നെ വിജയിക്കും.- ജയ്പൂരില്‍ നടന്ന യോഗത്തിനിടെ അമിത്ഷാ പറഞ്ഞു.

2015 സെപ്റ്റംബറിലായിരുന്നു മുഹമ്മദ് അഖ്ലഖ് എന്നയാളെ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാന സ്വദേശിയായ രഖ്ബാര്‍ ഖാനെ ആല്‍വാറില്‍വെച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത് പശുക്കടത്ത് ആരോപിച്ചായിരുന്നു. 55 കാരനായ ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാന്റെ മരണവും ആള്‍ക്കൂട്ട കൊലപാതകമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ശംഭുലാല്‍ എന്ന ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ പരസ്യമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം രാജസ്ഥാനിലായിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം ഏതുതരം തന്ത്രങ്ങളുപയോഗിച്ചായാലും അതിജീവിക്കുമെന്ന സൂചന തന്നെയാണ് ബിജെപി കന്ദ്രനേതൃത്വം നല്‍കുന്നത്. രാജസ്ഥാനില്‍ ഇന്ധനവില രണ്ടരരൂപ കുറച്ചതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുതന്നെയായിരുന്നു. വരുന്ന 50 വര്‍ഷത്തേക്ക് ബിജെപിയെ തൊടാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അവസാനിച്ച ബിജെപി നാഷണല്‍ എക്സിക്യൂട്ടീവിനിടെയും അമിത് ഷാ പറഞ്ഞിരുന്നു.

