ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: തൃശൂരിലെ ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനി സ്വദേശിയായ സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. ചെന്നൈയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
സ്വാമിയുടെ ആശ്രമത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കാറുണ്ട്. ഇവരെയാണ് സ്വാമി പീഡിപ്പിച്ചത്. രണ്ട് മാസം മുന്‍പാണ് പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടികള്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ സ്വാമിക്കെതിരെ കേസെടുത്തു.

ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയില്‍ സ്വാമി ചെന്നൈയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് ആളൂര്‍ പോലീസ് സംഘം ചെന്നൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിച്ച് മൊഴി തിരുത്താനും സ്വാമി ശ്രമം നടത്തിയിരുന്നു.

