KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയില്‍ 19കാരന്‍ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി

കറ്റാനം: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊന്നതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും കറ്റാനംകാര്‍ മുക്തരായിട്ടില്ല. സ്വന്തം മകനെ പോലെ കണക്കാക്കി വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത 19കാരനാണ് പണത്തിനു വേണ്ടി സുഹൃത്തിന്റെ അമ്മയെ കഴുത്തു ഞെരിച്ച്‌ കൊന്നത്. വിദേശത്തുള്ള അച്ഛന്‍ എല്ലാം നല്‍കി വളര്‍ത്തിയപ്പോള്‍ ആഡംബരത്തോടുള്ള ഭ്രമം കൂടിയതാണ് ജെറിന്‍ എന്ന 19കാരനെ കൊലപാതകത്തിന് വരെ പ്രേരിപ്പിച്ചത്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി 3000 രൂപ കൂടി വേണ്ടിയിരുന്ന പ്രതി കൊല്ലപ്പെട്ട തുളസിയുടെ വീട്ടില്‍ പണമുണ്ടെന്ന് അറിഞ്ഞ് തനിക്ക് ഈ വീട്ടിലുള്ള സ്വാതന്ത്ര്യം മുതലാക്കിയായിരുന്നു കൊലപാതകം നടത്തിയത്.

അതിവിദഗ്ധമായി കൊലപാതകം മൂടിവെയ്ക്കാനും ജെറിന്‍ ശ്രമിച്ചു. ദിവസങ്ങള്‍ ചോറു വിളമ്ബി നല്‍കിയ തുളസിയെ കൊന്നിട്ട് പുറത്തിറങ്ങിയപ്പോഴും ജെറിന് അതിന്റേതായ ഒരു കുലുക്കവും ഉണ്ടായില്ല. തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ വരെ വളരെ കൂളായി ജെറിന്‍ എത്തി. സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണോ എന്ന് ഉറപ്പിക്കാനായിരുന്നു ജെറിന്റെ ആശുപത്രി സന്ദര്‍ശനം. ചുറ്റും കൂടിയവര്‍ ആത്മഹത്യയെന്ന് പറഞ്ഞതോടെ മനസ്സില്‍ ചിരിച്ചു കൊണ്ട് രക്ഷപ്പെട്ട ആശ്വാസത്തില്‍ അവിടെ നിന്നും തിരികെ പോരുകയും ചെയ്തു.

തുളസിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച പണവുമായി ജെറിന്‍ നേരെ പോയത് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനായിരുന്നു. ചാരുംമൂട്ടിലെ മൊെബെല്‍ ഷോപ്പിലെത്തി 11,300 രൂപയുടെ ഫോണ്‍ വാങ്ങി. മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ശേഷമാണ് ജെറിന്‍ വീട്ടില്‍ എത്തിയത്. അഅതു കവിച്ച്‌ വിശ്രമിച്ച ശേഷമാണ് തുളസിയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് ജെറിന്‍ പോയത്. കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (48) 22നു കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവിനെ (19) കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. തുളസിയുടെ വീട്ടില്‍നിന്നു പണം മോഷ്ടിച്ചതിന്റെ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

Advertisements

തുളസിയുടെ മകന്റെ കൂട്ടുകാരനായ ജെറിന് ആ വീട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തുളസിയുടെ വീട്ടില്‍ എത്തി. ഇവിടെനിന്നു ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം പരിസരത്തുതന്നെ മണിക്കൂറുകളോളം തങ്ങി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ മടങ്ങിയെത്തി താക്കോല്‍ കൈക്കലാക്കി അലമാരയില്‍നിന്നു 10,800 രൂപ മോഷ്ടിച്ചു. ഇതു കണ്ടുകൊണ്ടുവന്ന തുളസി മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ വീണു തലയ്ക്കു പരുക്കേറ്റു. കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സാരി ഉപയോഗിച്ചു ജനലില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടുക്കളയില്‍നിന്നു മുളകുപൊടിയെടുത്തു വിതറിയ ശേഷം മടങ്ങിയ ജെറിന്‍, ചാരുംമൂട്ടില്‍നിന്നു പുതിയ മൊബൈല്‍ ഫോണും ബിരിയാണിയും വാങ്ങി വീട്ടില്‍ തിരികെയെത്തി.

തുളസിയെ എത്തിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജെറിനെ കസ്റ്റഡിയിലെടുത്തത്. സിനിമകള്‍ അനുകരിച്ചതായി ജെറിന്‍ പറഞ്ഞെന്നു മാവേലിക്കര സിഐ പി.ശ്രീകുമാര്‍ പറഞ്ഞു. ഡിവൈഎസ്‌പി അനീഷ് വി. കോര, എസ്‌ഐമാരായ എം.സി.അഭിലാഷ്, എ.സി.വിപിന്‍, വി.ബിജു, ഉണ്ണികൃഷ്ണന്‍ നായര്‍, എഎസ്‌ഐമാരായ അന്‍വര്‍ സാദത്ത്, സതീഷ്, സീനിയര്‍ സിപിഒ ഹാരിസ്, സിപിഒമാരായ സുരേഷ്, ഉണ്ണികൃഷ്ണന്‍, ഷാജി, അരുണ്‍, നജുറോയ്, അനീഷ്, രമ്യ, ഗീതമ്മ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.

കൊലപാതക ശേഷം തെളിവു നശിപ്പിക്കാനായി മുളകുപൊടി വിതറാന്‍ പ്രതിയായ വിദ്യാര്‍ത്ഥിക്കു പ്രചോദനമായത് ”ഖുശി” എന്ന തമിഴ് സിനിമ. ഇക്കാര്യം ജെറിന്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സംഭവദിവസം ഉച്ചമുതല്‍ ഇയാള്‍ തുളസിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് ജെറിനിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞത്. പിന്നീട് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിക്കുകയായിരുന്നു. ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന തുളസിയെയാണ് കണ്ടത്.

തുളസിയുടെ മൃതദേഹം സൂക്ഷിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രതി എത്തിയിരുന്നു. തൂങ്ങി മരണമാണെന്ന് അവിടെക്കൂടിയവര്‍ പറഞ്ഞതോടെ ഇയാളുടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്നാല്‍ സാഹചര്യത്തെളിവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആത്മഹത്യയല്ലെന്ന സൂചനയുമാണ് അന്വേഷണം വേഗത്തിലാക്കിയത്. സാരി കെട്ടിയ രീതി കണ്ടപ്പോള്‍ തന്നെ പൊലീസിന് ആത്മഹത്യയല്ലെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായതോടെയാണ് വീടുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *