ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ > ഏങ്ങിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്ത്തകന് മരിച്ചു. ഏങ്ങിയൂര്‍ കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഏങ്ങിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് ആര്‍എസ്എസ് സംഘം ശശിയെ വെട്ടി വീഴ്ത്തിയത്.
ബൈക്കില്‍ വരികയായിരുന്ന ശശികുമാറിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ് കാലുകളും കൈകളും അറ്റ് തൂങ്ങിയ ശശികുമാര്‍ മരിച്ചെന്ന് കരുതിയാണ് പ്രതികള്‍ ടാറ്റാ സുമോയില്‍ രക്ഷപ്പെട്ടത്. ചികിത്സയിലിരിക്കെ, ശശികുമാറിന്റെ ഇടതുകാല് മുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കാല്‍പ്പാദം ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിമാറ്റി അതിനു മുകളില്‍ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചിരുന്നു. ഈ ഭാഗത്തേക്കുള്ള രക്തപ്രവാഹം പൂര്‍ണമായും നിലച്ചതിനാല്‍ പഴുപ്പ് കയറാന്‍ തുടങ്ങിയതോടെയാണ് കാല് മുറിച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിന് സമീപം മണിക്കശേരി ബിനീഷ്(36), പൊക്കുളങ്ങര ചുള്ളിയില്‍ ബാബു(37), പൊക്കുളങ്ങര പടിഞ്ഞാറ് വെണ്ണാരത്തില്‍ സുദര്ശനന്(48), പൊക്കുളങ്ങര കടപ്പുറം കടവില്‍ കൊട്ടുക്കല്‍ വീട്ടില്‍ കൃഷ്ണദാസ്(22) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്്. ശശികുമാറിനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍എസ്എസുകാരുടെ തന്നെ അടിയേറ്റ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ചുള്ളിയില്‍ ഗിരീഷ്(41) തൃശൂരിലെ ആശുപത്രിയില്‍ പൊലീസ് കാവലിലാണ്.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ആര്‍എസ്എസ്–ബിജെപി സംഘം അക്രമം നടത്തിയിരുന്നു.

