ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം> കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക-ദ്വിതീയ-തൃതീയ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തെ കൂടുതല്‍ രോഗീ സൗഹൃദമാക്കുവാനുള്ള ആര്‍ദ്രം ദൗത്യത്തിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമേഖലയുടെ ശക്തമായ തിരിച്ചുവരവും ശക്തിപ്പെടുത്തലും വഴി സമയബന്ധിതമായും ശാസ്ത്രീയമായും നിശ്ചിതമാനദണ്ഡങ്ങളോടെ കേരളത്തിലെ ആരോഗ്യമേഖലയെ പുനസംഘടിപ്പിക്കേണ്ടത് അത്യാവശ്യമണ്. ഈ ഒരു തിരിച്ചറിവില്‍ നിന്ന് ഉരുവം കൊണ്ടതാണ് ആര്‍ദ്രം ദൗത്യം എന്ന ആശയം. സംസ്ഥാനത്തെ ആരോഗ്യരംഗം എല്ലാതലത്തിലും രോഗീ സൗഹൃദമാക്കുന്നതിനും ഗുണമേന്മയുളള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ആര്‍ദ്രം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് നിലവിലുളള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യപടിയായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും ഇതോകുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

രോഗികള്‍ പ്രാഥമികതല ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്താതെ മെഡിക്കല്‍ കോളേജുകളെ നേരിട്ടാശ്രയിക്കുന്നത് ക്രമാതീതമായ തിരക്കിനും, ചികിത്സാലഭ്യതക്കുറവിനും അല്ലെങ്കില്‍ കാലതാമസത്തിനും ഇടയാക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്ന മാതൃകാപരമായ നീക്കമാണ് ഇതിനുളള പരിഹാരം. രോഗികള്‍ തീവ്രമായ രോഗാവസ്ഥകളിലല്ലെങ്കില്‍ പ്രാഥമിക ആശുപത്രികളില്‍ ചികിത്സ നേടിയതിനു ശേഷം ആവശ്യമെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ റഫര്‍ ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറക്കുവാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയും.

ഒ.പി. വിഭാഗത്തിലെ തിരക്ക് കുറക്കുവാനായി ആധുനീകരിച്ച രജിസ്ട്രേഷന്‍ ടോക്കന്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വാകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, അത്യാഹിതവിഭാഗം, ഐ.പി. വിഭാഗം, ലബോറട്ടറി ഉള്‍പ്പെടെ മറ്റ് പരിശോധന സംവിധാനങ്ങള്‍, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും.
ആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഡോക്റ്റര്‍ അടക്കമുളളവരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തും. കൂടാതെ വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്ളോക്ക് ഗ്രാമപഞ്ചായത്തുതല ആരോഗ്യസ്ഥാപനങ്ങളില്‍ നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുനക്രമീകരിക്കുവാനും ആര്‍ദ്രം പദ്ധതി ലക്ഷ്യമിടുന്നു. ആശുപത്രിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കും ട്രീറ്റ്മെന്റ് പ്രോട്ടോകോളുകള്‍ തയ്യാറാക്കും. ജില്ലാതല ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യത്തോടെയുളള കാര്‍ഡിയോളജി യൂണിറ്റുകളും മറ്റു ചില സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഘട്ടംഘട്ടമായി ആരംഭിക്കും. കൂടാതെ താലൂക്ക് തല ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി സൌകര്യങ്ങള്‍ സജ്ജമാക്കി ആധുനികവല്‍ക്കരിക്കും.
കേരളത്തിലെ ആരോഗ്യമേഖല ഇന്ന് അതീവ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഒന്നാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനവും കാലാവസ്ഥാവ്യതിയാനങ്ങള്‍ കാരണം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളും. ഈ രോഗങ്ങള്‍ക്കെതിരെയുളള ചെറുത്തുനില്‍പ്പിനായി ആരോഗ്യമേഖലയിലെ നൂതനമായ ചികിത്സാ രീതികളും ആശയങ്ങളും സംബന്ധിച്ച് ഡോക്റ്റര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യപരിചരണം, കൗണ്‍സിലിംങ്ങ്, നഴ്സിംഗ് എന്നീ മേഖലകളിലും കുറേക്കൂടി ഉയര്‍ന്ന തോതിലുളള പങ്കാളിത്തവും ഇടപെടലും ഇതിലൂടെ സാധ്യമാകും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡുതല ആരോഗ്യശുചിത്വ സമിതി എന്നിവയുടെ പൂര്‍ണമായ പങ്കാളിത്തം ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. കൂടാതെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായ ഇടപെടലിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുളള കൂട്ടായ പ്രവര്‍ത്തനങ്ങളും ഇതിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു



