KOYILANDY DIARY

The Perfect News Portal

ആനപ്പാറ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ക്വാറിയിൽ ഖനനത്തിനായി സ്ഫോടനം നടത്തുമ്പോൾ പരിസരത്തെ വീടുകളിൽ കല്ല് പതിക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് രണ്ട് മാസമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പോലീസ് സഹായത്തോടെ ക്വാറി തുറന്ന് പ്രവർത്തിക്കാൻ ഉടമകൾ ശ്രമിച്ചപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇതിനെ ചെറുത്തു.

പോലീസ് ഇടപെടാൻ ശ്രമിച്ചപ്പോൾ പ്രതിഷേധം ശക്തമായി. നാട്ടുകാരിൽ ചിലരെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമവും നാട്ടുകാർ ഇടപെട്ട് തടഞ്ഞു. അതോടെ പോലീസ് തിരിച്ചു പോയി. കൊയിലാണ്ടി സി.ഐ.യുടെ നേതൃത്വത്തിൽ മുപ്പതോളം പോലീസുകാർ സ്ഥലത്ത് എത്തിയിരുന്നു. ഇരുനൂറോളം നാട്ടുകാരും പ്രതിഷേധത്തിന് എത്തിയിരുന്നു. കീഴരിയൂർ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സംഘർഷം കുറഞ്ഞത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. സുനിൽ, മെമ്പർമാരായ ജലജ, സവിത നിരത്തിന്റെ മീത്തൽ, വിവിധ രാഷ്ട്രീയ പ്പാർട്ടി പ്രതിനിധികൾ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. പരിസരവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും വരെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഉടമകൾ ശ്രമിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കാനാണ് ഉടമകൾ പോലീസ് സഹായം തേടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *