KOYILANDY DIARY

The Perfect News Portal

ആക്രമിക്കപ്പെടുന്നവരെ അപമാനിക്കല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: വുമണ്‍ ഇന്‍ സിനിമ കലക്ടീവ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും അവരെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതും അപലപനീയവും നിയമവിരുദ്ധവുമാണെന്നും സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. ആക്രമിക്കപ്പെടുന്നവരെ അപമാനിക്കല്‍ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവൃത്തികളില്‍നിന്ന് ചലചിത്രപ്രവര്‍ത്തകരെങ്കിലും വിട്ടുനില്‍ക്കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടു

പോസ്റ്റ് ചുവടെ

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013-ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല.

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *