അശ്വതിക്ക് ഇനി നടക്കാം നല്ല വഴിയിലൂടെ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസിലെ കൂട്ടുകാരിയായ അശ്വതിക്ക് സ്കൂളിലേക്ക് വരാനുള്ള ഇടവഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ മാസം നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർക്ക് നിവേദനം നൽകിയിരുന്നു. ഇടവഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് കാരണം ഇതുവഴി സഞ്ചരിച്ച അശ്വതിയുടെ സഹോദരിക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ദിവസങ്ങളോളം അശ്വതി സ്കൂളിലേക്കെത്തിയിരുന്നില്ല. സ്കൂളിലേക്ക് വരാൻ മറ്റു വഴികളൊന്നുമില്ലാത്ത അശ്വതിയുടെ ഇടവഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്കൊണ്ടായിരുന്നു സഹപാഠികൾ നിവേദനം നൽകിയിരുന്നത്. നിവേദനത്തെ തുടർന്ന് പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ട വാർഡ് മെമ്പർ വി.വി.സുരേഷിന് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ ഹൈഫ ഖദീജ അഭിനന്ദന കത്ത് കൈമാറി.
