KOYILANDY DIARY.COM

The Perfect News Portal

അവാര്‍ഡ് കിട്ടിയത് പലപ്പോഴും ശാപമായിപ്പോകുന്ന സ്ഥിതിയാണ്‌: സുരഭി

കോഴിക്കോട്: തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരില്‍ പത്തിലൊന്നുപേര്‍ തിയേറ്ററിലെത്തിയിരുന്നെങ്കില്‍ ‘മിന്നാമിനുങ്ങ്’ എന്ന സിനിമ രക്ഷപ്പെട്ടേനേയെന്ന് നടി സുരഭി. ഈ സിനിമ കണ്ടെന്ന് വിളിച്ചറിയിക്കുന്നവരോട് എന്തെന്നില്ലാത്ത സ്നേഹമാണ് തോന്നുന്നത്. അഞ്ചുസെന്റ് എഴുതിക്കൊടുക്കാന്‍ തോന്നുന്ന വിധത്തിലുള്ള സ്നേഹം. ”അവാര്‍ഡ് കിട്ടിയ സിനിമ ഒന്നു കാണൂ” എന്ന് നാട്ടുകാരോട് അപേക്ഷിക്കേണ്ട സ്ഥിതിയാണ്. അവാര്‍ഡ് കിട്ടിയത് പലപ്പോഴും ശാപമായിപ്പോകുന്ന സ്ഥിതിയാണെന്നും ‘മിന്നാമിനുങ്ങി’ലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയ സുരഭി പറഞ്ഞു.

ടൗണ്‍ഹാളില്‍ ‘അറേബ്യന്‍ ഫ്രെയിംസ്’ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നെ പ്രതിഫലമില്ലാതെ അഭിനയിപ്പിച്ച ഷോര്‍ട്ട് ഫിലിം സംവിധായകര്‍ കണ്ടിരുന്നെങ്കില്‍ മിന്നാമിനുങ്ങ് ഒരുനാള്‍കൂടി ഓടുമായിരുന്നെന്നും സുരഭി പറഞ്ഞു.

കോഴിക്കോടിന്റെ സ്വന്തം, അഭിമാനം എന്നൊക്കെ പറയുന്നതില്‍ വല്ല അര്‍ഥവുമുണ്ടെങ്കില്‍ ‘മിന്നാമിനുങ്ങ്’ തിയേറ്ററില്‍ പോയി കാണണം. അവാര്‍ഡ് ഉറപ്പാണ് എന്നു പറഞ്ഞാണ് ഇപ്പോള്‍ പലരും അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. അത്ര ഉറപ്പാണെങ്കില്‍ ഞാനില്ല എന്നാണ് അവരോട് പറയാറ്.

Advertisements

ആദ്യമായി തിരക്കഥ കൈയില്‍കിട്ടിയത് മിന്നാമിനുങ്ങില്‍ അഭിനയിക്കുമ്ബോഴാണ്. അതിനുമുമ്ബ് 46 സിനിമകളില്‍ വേഷമിട്ടു. എന്തായിരുന്നു ആ വേഷം എന്നറിയാനാണ് അവയൊക്കെ തിയേറ്ററില്‍ ചെന്നുകണ്ടത്. നാലാളുകള്‍ കാണുന്ന സിനിമയില്‍ എത്രചെറിയ വേഷമാണെങ്കിലും ചെയ്യാം. സിനിമയില്‍ത്തന്നെ നില്‍ക്കണോ എന്ന് പലപ്പോഴും നിരാശയോടെ ചിന്തിച്ചിട്ടുണ്ട്. അപ്പോഴൊക്കെ നല്ലൊരു വേഷമോ അംഗീകാരമോ തേടിവരും. ഇനിയേതായാലും 60 കൊല്ലമെങ്കിലും ഇവിടെത്തന്നെ നില്‍ക്കും -സുരഭി പറഞ്ഞു.

സമാപനസമ്മേളനം സംവിധായകന്‍ സലിം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ നടന്‍ രവീന്ദ്രന്‍, നടി ദിവ്യപ്രഭ, നടന്‍ ആകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *