KOYILANDY DIARY

The Perfect News Portal

അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ബൃഹദ്പദ്ധതി

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ബൃഹദ്പദ്ധതി. മരിക്കുന്നയാള്‍ കുടുംബത്തിന്റെ ഏക ആശ്രയമാണെങ്കില്‍ അടിയന്തര സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാമൂഹ്യ സുരക്ഷാമിഷന്‍ തയ്യാറാക്കിയ പദ്ധതിയിലുണ്ട്. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച്‌ പ്രത്യേക പദ്ധതികളും സാമ്ബത്തികം കണക്കിലെടുക്കാതെയുള്ള പൊതുവായ സഹായ പദ്ധതികളും ആവിഷ്കരിക്കുന്നു. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. ഇതിനുള്ള പ്രീമിയം തുക സര്‍ക്കാര്‍ വഹിക്കും.

മസ്തിഷ്കമരണം സംഭവിച്ച കുടുംബനാഥന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ക്കും മൃതദേഹം വീട്ടിലെത്തിക്കുന്നതിനുമായി നിശ്ചിത തുക അടിയന്തര സഹായം അനുവദിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായ ആളാണെങ്കില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി സഹായം അനുവദിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ സഹായം അനുവദിക്കുന്ന പദ്ധതിയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കുന്നത്. കുടുംബനാഥന്റെ വേര്‍പാടുമൂലം ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.

സംസ്ഥാനത്തെ എല്ലാ മരണാനന്തര അവയവദാനവും കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ് (മൃതസഞ്ജീവനി) വഴിയാണ് നടത്തുന്നത്. മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള സാങ്കേതിക പദ്ധതികളും ആവിഷ്കരിക്കും. മസ്തിഷ്കമരണം സംഭവിച്ച്‌ അവയവദാനത്തിന് സമ്മതപത്രം നല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമയത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുക. അവയവദാനം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലേക്ക് മലയാളിയെ എത്തിക്കുകയാണ് ലക്ഷ്യം.

Advertisements

സംസ്ഥാനത്ത് ഇതുവരെ 226 മസ്തിഷ്കമരണ ദാതാക്കളില്‍ നിന്ന് 614 അവയവങ്ങളാണ് മൃതസഞ്ജീവനിവഴി മാറ്റിവച്ചത്. 386 കിഡ്നി, 175 കരള്‍, 38 ഹൃദയം, 2 ശ്വാസകോശം, 4 പാന്‍ക്രിയാസ്, 2 ചെറുകുടല്‍, 6 കൈ എന്നിവയാണ് മാറ്റിവച്ചത്. ഇത് കൂടാതെ 346 കോര്‍ണിയകളും 60 ഹൃദയ വാല്‍വുകളും കൈമാറിയിട്ടുണ്ട്. നിലവില്‍ വൃക്കയ്ക്കായി 1387 പേരും കരളിനായി 249 പേരും ഹൃദയത്തിനായി 21 പേരും ശ്വാസകോശത്തിനായി 7 പേരും പാന്‍ക്രിയാസിനായി 6 പേരും കൈയ്ക്കായി 4 പേരും കാത്തിരിപ്പ് പട്ടികയിലുണ്ട്.

അവയവമാറ്റ കേന്ദ്രങ്ങളിലെ രോഗിക്കാണ് മസ്തിഷ്കമരണം സംഭവിച്ചതെങ്കില്‍ ഒരു വൃക്കയും കരളും അവിടത്തെ രോഗിക്കായി എടുക്കാമെന്ന വ്യവസ്ഥയോടൊപ്പം നിര്‍ബന്ധമായും ഒരു വൃക്ക സര്‍ക്കാര്‍ ആശുപത്രികളിലെ രോഗിക്ക് നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. ഇത് നിര്‍ധനരായ പല രോഗികള്‍ക്കും ജീവിതം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൃതസഞ്ജീവനിയുടെ സംസ്ഥാന ഓഫീസും മറ്റു സോണല്‍ ഓഫീസുകളും മുഴുവന്‍ ആശുപത്രികളുമായി നിരന്തരബന്ധം പുലര്‍ത്തുന്ന തരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *