അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്

കൊച്ചി: അഗതിമന്ദിരത്തില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ ഇടുക്കി സ്വദേശികളായ പെണ്‍കുട്ടിയാണ് പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
പത്തുവര്‍ഷത്തിലേറെയായി ജനസേവാ ശിശുഭവനില്‍ അന്തേവാസികളാണ് ഇടുക്കിക്കാരായ പെണ്‍കുട്ടികള്‍. ഇവരുടെ അച്ഛന്‍ രണ്ടുതവണ വിവാഹം ചെയ്തു. ഇരുഭാര്യമാരും ഇപ്പോള്‍ ഒപ്പമില്ല.

സ്‌കൂള്‍ അവധികളില്‍ ശിശുക്ഷേമ സമിതിയുടെ അനുമതി വാങ്ങി ജനസേവയില്‍ നിന്ന് പെണ്‍കുട്ടികളെ അച്ഛന്‍ വീട്ടില്‍ കൊണ്ടുപോയിരുന്നു. ഏറ്റവുമൊടുവില്‍ പോയപ്പോഴത്തെ അനുഭവം പെണ്‍കുട്ടികളിലൊരാള്‍ വെളിപ്പെടുത്തി.

അവധിക്കാലം എത്തിയതോടെ ഇവരെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ ശ്രമം തുടങ്ങി. പോകാന്‍ വയ്യെന്ന് നിലപാടെടുത്താണ് ഇതുവരെ തുറന്നുപറയാതിരുന്ന അച്ഛന്റെ സ്വഭാവദൂഷ്യം ഇവര്‍ വെളിപ്പെടുത്തിയത്.

ജനസേവ അധികൃതരും ഇങ്ങനെയാണ് വിവരമറിഞ്ഞത്. പൊലീസില്‍ അറിയിച്ചു. പേടികൊണ്ടാണ് ഇതുവരെ പുറത്ത് അറിയിക്കാതിരുന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത ആലുവ പൊലീസ് കുട്ടികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി.
