അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു
ഇറ്റാനഗര്‍>അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു. നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിശ്വാസ വോട്ടെടുപ്പില്‍ വിമത എംഎല്എമാരുടെകുടി പിന്തുണ ഉറപ്പു വരുത്തുന്നതിനായാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ഇന്ന് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് ഈ നീക്കം.
വിമത എംഎല്‍എമാര്‍ നിലപാട് മാറ്റാത്തതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്ന സൂചനയെ തുടര്‍ന്നാണ് ഈ നീക്കം. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന മുഖ്യമന്ത്രി നബാം ടൂക്കിയുടെ ആവശ്യം നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് നബാം ടൂക്കി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്തായത്. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം ബുധനാഴ്ച സുപ്രീംകോടതി റദ്ദാക്കി. ഇതോടെയാണ് നബാം ടൂകി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത്. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

അറുപത് അംഗ അരുണാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട വിമതരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകു.അതേസമയം അരുണാചല്‍ നിയമസഭയില്‍ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ആണെന്ന് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രി ആയ കാലിഖാ പുള്‍ അവകാശപ്പെട്ടിട്ടുണ്ട്.




