KOYILANDY DIARY

The Perfect News Portal

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ സംവിധാനമൊരുക്കുമെന്ന് ടൂറിസം വകുപ്പ്

മുക്കം : അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ സംവിധാനമൊരുക്കുമെന്ന് ടൂറിസം വകുപ്പ് . ടൂറിസം വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എം.വി .കുഞ്ഞിരാമനും ഉദ്യോഗസ്ഥരും അരിപ്പാറ സന്ദര്‍ശിച്ചു. അരിപ്പാറയില്‍ അപകട മരണങ്ങള്‍ തുടര്‍കഥയായ സാഹചര്യത്തില്‍ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോടഞ്ചേരി മേഖല സമിതി അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജോയിന്‍റ് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.

20 വിനോദ സഞ്ചാരികളാണ് ഇതുവരെ അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ അനധികൃത പ്രവേശമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഡയറക്ടര്‍ക്ക് മുന്നില്‍ ചൂണ്ടികാട്ടി. പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുക, സുരക്ഷ മുന്നറിയിപ്പുകള്‍ പരിഷ്ക്കരിക്കുക , സുരക്ഷക്കായി മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു.

അരിപ്പാറയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് ഗാര്‍ഡുമാര്‍ മാത്രമാണ് ഉള്ളത്. കൂടുതല്‍ ജീവനക്കാരെ സുരക്ഷ ഡ്യൂട്ടിക്കായി ഏര്‍പ്പെടുത്തും.

Advertisements

അരിപ്പാറയിലെ ടൂറിസം വികസനത്തിനായി വകുപ്പ് ഫണ്ട് അനുവദിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് റോഡിനുള്ള ഭൂമിയും പുഴയുടെ തീരത്ത് അഞ്ച് സെന്‍റ് സ്ഥലവും വിട്ട് തന്നാല്‍ ടിക്കറ്റ് കൗണ്ടര്‍,നീരിക്ഷണ കേന്ദ്രം, തൂക്കുപാലം എന്നിവ ടൂറിസം വകുപ്പ് നിര്‍മ്മിക്കുമെന്ന് ജോയിന്‍റ് ഡയറക്ടര്‍ ഉറപ്പ് നല്‍കി. സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അധികൃതരെ അറിയിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യ, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മേഖല പ്രസിഡന്‍റ് ജോയിന്‍റ് മോളത്ത്, പി.ജെ.ജോണ്‍, എ.എസ്.ജോസ് ,കെ.ജെ. മാനുവല്‍, ജോണ്‍ സാവിയോ ,ഷാജി മുഖാലയില്‍ ,ജോസ് ഉന്നത്തിങ്കല്‍ എന്നിവര്‍ അരിപ്പാറയിലെത്തിയ ടൂറിസം ജോയിന്‍റ് ഡയറക്ടറെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *