അരിക്കുളം പഞ്ചായത്തിൽ കാരണവർ കൂട്ടം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ കാരണവർ കൂട്ടം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ 13 വാർഡുകളിലും അറുപത് പിന്നിട്ട വരെ കുറിച്ച് വിവര ശേഖരണം നടത്തി. രണ്ടാം ഘട്ടത്തിൽ പഞ്ചായത്ത് തല ശില്പശാല നടത്തി. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ ഉദ്ഘാടനം ചെയ്തു. സി. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മേലമ്പത്ത് ജാനകിയമ്മ, പുതിയോട്ടിൽ താഴ കുമാരൻ എന്നിവരെ ആദരിച്ചു. തെരഞ്ഞെടുത്ത വ്യക്തികൾക്ക് പദ്ധതി നടത്തിപ്പിനെ കുറിച്ച് പരിശീലനവും നൽകി. മുഴുവൻ വാർഡുകളിലും അയൽ സഭ വിളിച്ച് ചേർത്ത് മുതിർന്ന വ്യക്തികളെ ആദരിച്ചു.
വയോജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിപാലനം, കായിക വിനോദ പരിപാടികൾ, വയോജന സംരക്ഷണത്തിനുള്ള നിയമ ബോധവൽക്കരണം, പകൽ വീട്, അനുഭവങ്ങൾ, അറിവുകൾ പങ്ക് വെയ്ക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. പഞ്ചായത്ത് വൈ: പ്രസിഡണ്ട്. വി.എം.ഉണ്ണി, കെ.ലത പൊറ്റയിൽ, എം.എം, ശാന്ത, റീത്ത, എൻ.കെ.സുകുമാരൻ കിടാവ്, എൻ.കെ. ബീവി, പിലാച്ചേരി കുമാരൻ, തൊണ്ടിച്ചംകണ്ടി കൃഷ്ണൻ, പി.ബഷീർ, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു.

