KOYILANDY DIARY

The Perfect News Portal

അരലക്ഷം പേര്‍ക്ക് മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കോഴിക്കോട്: കൈവശം ഭൂമി ഉണ്ടായിട്ടും ഉടമസ്ഥാവകാശം ലഭിക്കാത്ത അരലക്ഷം പേര്‍ക്ക് മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 9356 പേര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പട്ടയം നല്‍കി. സംസ്ഥാനത്താകെ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് നല്‍കിയത്. തീരദേശം, വനംവകുപ്പ്, തുറമുഖ മേഖലകളില്‍ പട്ടയ വിതരണത്തില്‍ കാലതാമസമുണ്ട്. വിവിധ വകുപ്പുകളുടെയും കേന്ദ്രത്തിന്റെയും ഇടപെടല്‍ ആവശ്യമാണ്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്ക പരിഹാരത്തിനായി പുതുതായി ട്രിബ്യൂണല്‍ രൂപവത്‌കരിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ പ്രശ്നം ഇതിലൂടെ പരിഹരിക്കും. ഒന്നോ രണ്ടോ തവണ ബന്ധപ്പെട്ടിട്ടും നടപടിക്കായി ഹാജരാവാത്ത ഭൂവുടമകളെ അന്വേഷിക്കാതെ നിയമാനുസൃതം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിയമക്കുരുക്കില്‍പ്പെടുത്താതെ, പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് അധ്യക്ഷനായ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വി.കെ.സി. മമ്മദ്‌കോയ എം.എല്‍.എ., മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ എസ്. സാംബശിവറാവു, എ.ഡി.എം. റോഷ്‌നി നാരായണന്‍, ടി.വി. ബാലന്‍, നവീന്ദ്രന്‍, കെ.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

പട്ടയം നല്‍കിയത് 1839 പേര്‍ക്ക്

മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്ന് പട്ടയമേറ്റുവാങ്ങിയപ്പോള്‍ കൊയിലാണ്ടി താലൂക്കില്‍ നിന്നുള്ള മറിയത്തിന്റെയും കാര്‍ത്തിയുടെയും ഖദീജുമ്മയുടെയുമെല്ലാം മുഖത്ത് ആശ്വാസം… 85-കാരി മറിയമാണ് ആദ്യം പട്ടയം സ്വീകരിച്ചത്. മാറാട് ബീച്ചിലെ പാത്തുമ്മയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടിയതിന്റെ സന്തോഷത്തില്‍ തന്നെ.

മേളയില്‍ ആകെ 1839 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ബേപ്പൂര്‍, ചെങ്ങോട്ടുകാവ്, തിക്കോടി, അഴിയൂര്‍, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സുനാമി പുനരധിവാസത്തിന്റെ ഭാഗമായി 90 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി 112 കുടുംബങ്ങള്‍ക്കും മിച്ചഭൂമി പട്ടയം വിതരണം ചെയ്തു. ബേപ്പൂര്‍ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയില്‍ കാലങ്ങളായി താമസിക്കുന്ന 31 കുടുംബങ്ങളും ഭൂമിയുടെ അവകാശികളായി.

 

Leave a Reply

Your email address will not be published. Required fields are marked *