KOYILANDY DIARY.COM

The Perfect News Portal

ആയിരത്തോളം മോഷണക്കേസുകളിലെ പ്രതി അറസ്റ്റിലായി

മാവേലിക്കര: നഗരത്തിലേത് ഉൾപ്പെടെ ആയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം, തിരുവാർപ്പ്, കിളിരൂർ, പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) മാവേലിക്കര പോലീസിന്‍റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ഓടുപൊളിച്ച് അകത്ത് കയറിയുള്ള മോഷണം പതിവായിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ എസ്പി വി.എം.മുഹമ്മദ് റഫീക്ക് ഐപിഎസിന്‍റെ നിർദേശ പ്രകാരം ചെങ്ങന്നുർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സിഐ പി.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

മാവേലിക്കര നഗരമധ്യത്തിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതോടെയാണ് മോഷ്ടാവ് തിരുവാർപ്പ് അജിയാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് അന്വേഷണ സംഘം നടത്തിവന്നിരുന്ന പരിശോധനയിൽ മാവേലിക്കര നഗരത്തിലെ പ്രമുഖ തീയറ്ററിന് സമീപം ഇയാൾ പിടിയിലാവുകയായിരുന്നു.

മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാല, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ , പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നായി 50 ഓളം മോഷണ കേസുകളിൽ ഇയാൾക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ട്. ദുരസ്ഥലങ്ങളിലേക്ക് ബസിൽ യാത്ര ചെയ്ത് തീയറ്ററുകളിൽ സമയം ചിലവഴിച്ച ശേഷം ഓടിട്ട കടകളുടെ മേൽക്കൂര ഇളക്കി അകത്തു കടന്ന് സിസിടിവി കാമറ ഇളക്കിമാറ്റി കാഷ് കൗണ്ടർ കുത്തിത്തുറന്നാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി സംഘടനകളുടെ ഹർത്താലിന് പോലും കാരണമായ വ്യാപക മോഷണങ്ങൾ നടത്തിയതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisements

22 വർഷക്കാലമായി മോഷണം സ്ഥിരം തൊഴിലാക്കിയ അജി 16 വർഷത്തോളം വിയ്യൂർ, തിരുവനന്തപുരം ജയിലുകളിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മൂവാറ്റുപുഴ, പാല കോടതികളിൽ വാറണ്ടുകൾ നിലവിലുണ്ട്. നിലവിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലായി 20 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാവേലിക്കര സിഐ ശ്രീകുമാറിനൊപ്പം എസ്ഐ ശ്രീകുമാർ, എഎസ്ഐ ബാബു കുട്ടൻ, സീനിയർ സിപിഒ രാജീവ്, സിപിഒമാരായ അരുൺ ഭാസ്കർ, വിനോദ് കുമാർ, ഉണ്ണികൃഷ്ണ പിള്ള, രാഹുൽ രാജ്, ഷഫീക്ക്, എസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ ഇല്യാസ്, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *