KOYILANDY DIARY.COM

The Perfect News Portal

അമേരിക്ക തലയ്ക്ക് വിലയിട്ട മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞത് യുഎസ് സേനയുടെ മൂക്കിന്‍ തുമ്പില്‍

ഇസ്ലാമാബാദ്: അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാവ് മുല്ല ഒമര്‍, മരിക്കുന്നത് വരെ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്ബിന്റെ തൊട്ടരികിലാണെന്ന് റിപ്പോര്‍ട്ട്. ഡച്ച്‌ ജേണലിസ്റ്റ് ബെറ്റെ ഡാം എഴുതിയ ജീവചരിത്രത്തിലാണ് അമ്ബരപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ ഇന്റലിജന്‍സിന് നാണക്കേടാകുന്ന വിവരങ്ങളാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ക്യാമ്ബില്‍ നിന്നും വെറും മൂന്ന് കിലോ മീറ്റര്‍ അകലെയാണ് മുല്ല ഒമര്‍ ജീവിച്ചിരുന്നത്. 2001 സെപ്റ്റംബറില്‍ അമേരിക്കയിലെ ട്വിന്‍ ടവറില്‍ അല്‍ ഖ്വയ്ദ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഒമര്‍ അബ്ദുള്ളയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. അതോടെ ഇയാള്‍ പാക്കിസ്ഥാനിലേക്ക് കടന്നുവെന്നാണ് യുഎസ് സൈന്യം കരുതിയിരുന്നത്. എന്നാല്‍ അഫ്ഗാനിലെ സാബൂള്‍ പ്രവിശ്യയിലെ ജന്മനാട്ടില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ഒറ്റക്കണ്ണുള്ള ഈ കൊടുംഭീകരന്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഒരു ഭീകരനാണെന്ന് അയല്‍വാസികള്‍ക്കും അറിയില്ലായിരുന്നു.

പ്രദേശത്ത് പട്രോളിങ്ങ് നടത്തിയിരുന്ന അമേരിക്കന്‍ സൈനികര്‍ രണ്ട് തവണ മുല്ല ഒമറിന്റെ ഒളിത്താവളത്തിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൈനികര്‍ വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ മുല്ല ഒമര്‍ തന്റെ രഹസ്യമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. മുല്ല ഒമറിന്റെ ബോഡിഗാര്‍ഡായിരുന്ന ജബ്ബാര്‍ ഒമരിയാണ് ഇക്കാര്യങ്ങള്‍ എഴുത്തുകാരനോട് വെളിപ്പെടുത്തിയത്.

Advertisements

തന്നെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സൈനികരുടെ മൂക്കിന്‍ തുമ്ബില്‍ മരണം വരെ ആത്മീയജീവിതം നയിക്കുകയായിരുന്നു മുല്ല ഒമര്‍. സിം കാര്‍ഡ് ഇടാത്ത ഒരു നോക്കിയ ഫോണില്‍ ഖുര്‍ആന്‍ വാചകങ്ങള്‍ ചൊല്ലി റെക്കോഡ് ചെയ്യുന്നതും പാചകവുമായിരുന്നു ഒമറിന്റെ പതിവെന്നും പുസ്തകത്തില്‍ പറയുന്നു. അല്‍ ഖ്വയ്ദയുടെ പരമോന്നത നേതാവായ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വാര്‍ത്ത റേഡിയോയിലൂടെ അറിഞ്ഞിട്ടും ഒമര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ സര്‍ക്കാര്‍ വിരുദ്ധകലാപം നടത്തിയ താലിബാന്റെ നേതാവായിരുന്നു മുല്ല ഒമര്‍. 2013 ലാണ് മുല്ല ഒമര്‍ മരിക്കുന്നത്. എന്നാല്‍ മരണവാര്‍ത്ത പുറത്തെത്തിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *