അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. ഭാര്യ മെലാനിയയും ട്രംപിനൊപ്പമുണ്ട്. അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിച്ചു. ട്രംപും മോഡിയും ചേര്‍ന്നുള്ള റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയ്ക്കിടെ ആദ്യം ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. ട്രംപിന്റെ ഷെഡ്യൂളില്‍ സബര്‍മതി ആശ്രമം ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ഉള്‍പ്പെടുത്തുകയായിരുന്നു.
അതിനുശേഷം ‘നമസ്തേ ട്രംപ്’ നടക്കുന്ന മൊട്ടേരാ സ്റ്റേഡിയത്തിലേക്ക്. സ്വീകരണപരിപാടികള്‍ മൂന്നുവരെ തുടരും. തുടര്‍ന്ന് വിമാനമാര്‍ഗം ആഗ്രയിലേക്ക്. മെലാനിയയുമൊത്ത് താജ്മഹല്‍ സന്ദര്‍ശിക്കും. താജ് കണ്ടശേഷം ഡല്‍ഹിയിലേക്ക്. പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയില്‍ രാത്രി താമസം. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ് ഹോട്ടലിലും താമസക്കാരുണ്ടാകില്ല. ത്രിതല സുരക്ഷാസംവിധാനം ഒരുക്കി.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. പിന്നീട് രാജ്ഘട്ട് സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസില്‍ മോഡിയുമൊത്ത് ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. പകല്‍ മൂന്നിന് ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച. ഈസമയം മെലാനിയ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. രാത്രി ഏഴിന് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന്. പത്തിന് മടക്കം.

