KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര പുസ്തക – സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക – സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച്‌ ഒന്ന് മുതല്‍ പത്ത് ദിവസമാണ് അന്താരാഷ്ട്ര പുസ്തക – സാഹിത്യോല്‍സവം സംഘടിപ്പിക്കുന്നത്.

എറണാകുളം മറൈന്‍ ഡ്രൈവിലും ബോള്‍ഗാട്ടി പാലസിലുമായി നടക്കുന്ന പുസ്തക- സാഹിത്യോത്സവത്തില്‍ ലോകത്തിലെ പ്രമുഖരായ പ്രസാധകരും, ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറില്‍ പരം പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. കൊച്ചി ബിനാലെ മാതൃകയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന തരത്തിലാകും അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സാഹിത്യ സംവാദങ്ങളും, കലാ-സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായി ഒരുക്കും. പുസ്തകപ്രസാധകമേഖലയിലെ സഹകരണ സംരംഭമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവം സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംഘടിപ്പിക്കുന്നത്.

Advertisements

അന്താരാഷ്ട്ര നിലവാരത്തിലുള്ള രൂപകല്‍പ്പനയും സൗകര്യങ്ങളും പങ്കാളിത്തവും സംഘാടനവുമാണ് പത്ത് ദിവസത്തെ അന്താരാഷ്ട്ര സാഹിത്യ- പുസ്തകോത്സവത്തില്‍ ഒരുക്കുക. കേരളത്തിലെ പ്രസാധകര്‍ക്കും പുസ്തക വിപണിക്കും അന്താരാഷ്ട്ര   വാണിജ്യ – സാംസ്കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ജനങ്ങളുടെ വായനാഭിരുചി കൂടുതല്‍ വിപുലമാക്കാനും മേള ലക്ഷ്യം വയ്ക്കുന്നു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി. രവീന്ദ്രനാഥ്, എസ്സ് പി സി എസ്സ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, എസ്സ് പി സി എസ്സ് ഭരണസമിതി അംഗം എസ്. രമേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രസാധകരുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അതിവിപുലമായ രീതിയില്‍ അന്താരാഷ്ട്ര പുസ്തക – സാഹിത്യോത്സവം സംഘടിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *