KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ട്രേഡ‌്‌ യൂണിയന്‍ കോണ്‍ഗ്രസിന്‌ തുടക്കം

തിരുവനന്തപുരം: ആഗോളതലത്തില്‍ ഊര്‍ജരംഗത്തുണ്ടാകുന്ന മാറ്റങ്ങളും തൊഴില്‍ പ്രശ‌്നങ്ങളും ചര്‍ച്ചചെയ്യുന്ന ട്രേഡ‌്‌ യൂണിയന്‍ ഇന്റര്‍നാഷണല്‍ (എനര്‍ജി) കോണ്‍ഗ്രസിന‌് തിരുവനന്തപുരത്ത‌് തുടക്കം. ചൊവ്വാഴ‌്ച രാവിലെ സിഐടിയു പ്രസിഡന്റ‌് ഡോ. കെ ഹേമലതയുടെ അധ്യക്ഷതയിലാണ‌് രണ്ടുദിവസത്തെ ട്രേഡ‌്‌ യൂണിയന്‍ കോണ്‍ഗ്രസിന‌് തുടക്കമായത‌്. ലോകത്താകമാനം തൊഴില്‍രഹിത വളര്‍ച്ച അതിന്റെ പാരമ്യത്തിലാണെന്ന‌് ഹേമലത പറഞ്ഞു.

ഇലക‌്ട്രിസിറ്റി എംപ്ലോയീസ‌് ഫെഡറേഷന്‍ ഓഫ‌് ഇന്ത്യ പ്രസിഡന്റ‌് പ്രശാന്തി നന്ദി ചൗധരി മുഖ്യപ്രഭാഷണം നടത്തി. ലോകമെങ്ങും കോര്‍പറേറ്റുകള്‍ അതിവേഗം വളര്‍ന്നത‌് പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചതിന്റെ ആനുകൂല്യം പറ്റിയാണെന്ന‌് അദ്ദേഹം പറഞ്ഞു. ഊര്‍ജമേഖലയിലെ ആഗോളപ്രവണതകളെപ്പറ്റി മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ സന്ദീപ‌് പൈ വിഷയാവതരണം നടത്തി. ഡബ്ല്യുഎഫ‌്ടിയു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്വദേശ‌് ദേബ‌് റോയ‌്, എച്ച‌് മഹാദേവന്‍, വെങ്കിടാചലം എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എളമരം കരീം എംപി സ്വാഗതം പറഞ്ഞു. വേള്‍ഡ‌് ഫെഡറേഷന്‍ ഓഫ‌് ട്രേഡ‌് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ‌് മവ‌്റിക്കോസ‌് പങ്കെടുത്തു.

ഊര്‍ജം, പെട്രോകെമിക്കല്‍, കല്‍ക്കരി, പെട്രോളിയം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ‌്നങ്ങള്‍ ചര്‍ച്ചചെയ്യും. 40 രാജ്യങ്ങളില്‍നിന്നായി 59 വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്നുള്ള 41 പേരടക്കം ഇന്ത്യയില്‍നിന്ന‌് 73 പ്രതിനിധികളുമുണ്ട‌്. ബുധനാഴ‌്ച വൈകിട്ട‌് ബി ടി ആര്‍ ഭവനില്‍ സമാപന പൊതുയോഗം നടക്കും. ജോര്‍ജ‌് മവ‌്റിക്കോസ‌്, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എന്നിവര്‍ സംസാരിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *