അടപ്പിച്ച ഹോട്ടലില്‍ നിന്ന് ദുര്‍ഗന്ധം; തുടര്‍ നടപടിയുമായി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: മലിനജലം പൊതു കുളത്തിലേക്ക് തിരിച്ചു വിട്ടതിനെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ അധികൃതര്‍ പരിശോധന നടത്തി. ചേമഞ്ചേരി ദേശീയ പാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും ഇടയിലായി പ്രവര്‍ത്തിച്ചിരുന്ന ‘ചട്ടിയും കലവും’ ഹോട്ടലിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട്, സ്ഥിരം സമിതി ചെയര്മാന് ഇ.അനില്‍കുമാര്‍, മെമ്പര്‍മാരായ സാബിറ, ഗീത, ജൂനിയര്‍ സൂപ്രണ്ട് എം.ഗിരീഷ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന സംഘം പരിശോധന നടത്തിയത്.
മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുവാനായി 25 ദിവസമായി പൂട്ടിയിട്ട സ്ഥാപനത്തില്‍ നിന്നും പഴകിയതും, പുഴുവരിച്ചതുമായതും, വേവിച്ച് വെച്ചതും വേവിക്കാത്തതുമായ ദുര്‍ഗന്ധം പരത്തുന്ന നിരവധി ഭക്ഷണപാദാര്ഥങ്ങളും മാലിന്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. പൊതുകുളത്തില്‍ മാലിന്യം ഒഴുക്കി മാലിനമാക്കിയതിലും പൊതുജനത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും വിധം അഴുകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അലസമായിട്ടതിലും ഹോട്ടലുടമക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

