KOYILANDY DIARY

The Perfect News Portal

അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ച വിദ്യാലയത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പ്രവേശനോത്സവം

പിറവം> അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ച വിദ്യാലയത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പ്രവേശനോത്സവം നടന്നു. മണീട് കാരൂര്‍ സെന്റ് ഗ്രിഗോറിയോസ് യുപി സ്‌കൂളില്‍ നൂറുകണക്കിന് നാട്ടുകാരുടെയും അധ്യാപകരുടെയും സാനിധ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മള സ്വീകരണമാണ് പ്രവേശനോത്സവദിനത്തില്‍ ലഭിച്ചത്. ബാഗുകളും, പുസ്തകങ്ങളും, യൂണിഫോമും മറ്റും വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കി.

സ്കൂള്‍ അടച്ചുപൂട്ടുന്നതിന് ഹൈക്കോടതിയില്‍നിന്നും മാനേജര്‍ക്ക് ലഭിച്ച അനുകൂല ഉത്തരവിനെതിരെ സര്‍ക്കാരും പിടിഎയും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകാത്തതിനാല്‍ നിലവിലുള്ള കുട്ടികള്‍ക്ക് അധ്യയനം നടത്തുന്നതിന് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ പ്രവേശന ദിവസം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികള്‍ തുറന്ന് നല്‍കുവാന്‍ മാനേജര്‍ തയാറായില്ല. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാനുള്ള ശുചിമുറികള്‍ ഉള്‍പ്പടെ പൂട്ടിയിട്ടിരിക്കുകയാണ്. കുടിവെള്ളവും, ഉച്ചഭക്ഷണ സൗകര്യവും തടഞ്ഞിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിച്ച്‌ വെള്ളിയാഴ്ച ക്ലാസ് മുറികള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. പിറവം വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ കെ ജെ പോള്‍, എസ്‌എസ‌്കെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷാജി ജോര്‍ജ്, ജില്ലാ അര്‍ബന്‍ കോ ഓഡിനേറ്റര്‍ പി ബി രതീഷ് തുടങ്ങിയവര്‍ പ്രവേശനോത്സവ പരിപാടികളില്‍ പങ്കെടുത്തു.

Advertisements

അഞ്ച് പതിറ്റാണ്ടായി മണീട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 300ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച്‌ വര്‍ഷങ്ങളായി സ്കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മാനേജര്‍ പ്രചരിപ്പിച്ചുവന്നതയോടെ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞുവന്നു. ഇങ്ങനെ വിദ്യാലയത്തെ അനാദായകരമാക്കിമാറ്റി കോടതിയില്‍നിന്നും സ്കൂള്‍ അടച്ചുപൂട്ടുവാനുള്ള വിധി മാനേജര്‍ ഒപ്പിച്ചെടുക്കുകയായിരുന്നു. കെഎസ്ടിഎ, പിടിഎ, സ്കൂള്‍ സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കുകയും ഭവന സന്ദര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അന്തസത്ത ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുവാനായി ഇറക്കിയ ഉത്തരവിനെ പിടിഎയും സ്കൂള്‍ സംരക്ഷണ സമിതിയും അനുമോദിച്ചു. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാ അക്കാദമിക് പിന്തുണയും നല്‍കുമെന്ന് കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി സെക്രട്ടറി എം എ അനില്‍കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *