അടച്ചിട്ട കടയ്ക്ക് മുന്നിൽ മാലിന്യ കൂമ്പാരം
കൊയിലാണ്ടി: അടച്ചിട്ട കടയ്ക്ക് മുന്നിൽ മാലിന്യം കൂമ്പാരമാകുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയ പാതയിൽ മാർക്കറ്റിനു സമീപത്തെ അടച്ചിട്ട കടയുടെ മുന്നിലാണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിക്ഷേപിക്കുന്നത്. എല്ലാ ദിവസവും ഈ ഭാഗത്ത് ശുചീകരണ തൊഴിലാളികൾ ശുചീകരിക്കാറുണ്ടെങ്കിലും, ഇവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് കാരണം മാലിന്യം കുന്നുകൂടുകയാണ്.
കെട്ട് നാറിയ മാലിന്യങ്ങൾ വരെ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. കട തുറക്കാത്തതിനാൽ മാലിന്യം തള്ളാൻ പറ്റിയ സ്ഥലമായി മാറിയിരിക്കുകയാണ് ഇവിടം. നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം.

