അഖിലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിലെ മുഖ്യപ്രതി അഖിലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ മൃതദേഹം കുഴിച്ച് മൂടിയ വീടിന് പിന്‍വശത്തെ പറമ്ബിലും, യുവതിയെ വാഹനത്തില്‍ കയറ്റിയ നെയ്യാറ്റിന്‍കരയിലുമാണ് തെളിവെടുപ്പ് നടത്തിയത്. അതേ സമയം യുവതിയെ പ്രണയിച്ചിട്ടില്ലെന്നും, നിര്‍ബന്ധത്തിന് വഴങ്ങി താലി കെട്ടുക മാത്രമാണ് ചെയ്തതെന്നും അഖില്‍ പോലീസിന് മൊഴി നല്‍കി.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിന് സമീപത്ത് അഖില്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ട് പോയ സ്ഥലത്ത് എത്തിച്ചായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. പിന്നീട് അഖിലിന്റെ പുതിയ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് എത്തിച്ചു. അഖിലുമായി പോലീസ് വാഹനമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. അഖിലിന്റെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും ഇവരെയും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

വീടിന്റെ പിന്‍ഭാഗത്ത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം അഖില്‍ പോലീസിന് കാണിച്ചു കൊടുത്തു. ഗൂഢാലോചനയില്‍ പങ്കാളിയായ മൂന്നാം പ്രതിയും അഖിലിന്റെ സുഹൃത്തുമായ ആദര്‍ശിന്റെ വീടിന് സമീപവും തെളിവെടുപ്പ് നടന്നു. കൊലയ്ക്ക് ശേഷം കാര്‍ കഴുകിയത് ആദര്‍ശിന്റെ വീടിന് മുന്നില്‍ വെച്ചാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇവിടുത്തെ തെളിവെടുപ്പ്.

അഖിലിന്റെ വീടിന്റെ മുന്‍വശത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. യുവതിയുടെ വസ്ത്രങ്ങള്‍ നശിപ്പിച്ചതായാണ് പ്രതികള്‍ മൊഴി നല്‍കിയിരുന്നത്. നേരത്തെ നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ യുവതിയെ വിവാഹം ചെയ്‌തെന്ന കണ്ടെത്തല്‍ അഖില്‍ നിഷേധിച്ചു. യുവതിയോട് സൗഹൃദമായിരുന്നുവെന്നും പ്രണയമോ മറ്റ് ബന്ധമോ ഇല്ലായിരുന്നുവെന്നും അഖില്‍ മൊഴി നല്‍കി. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി എറണാകുളത്ത് വെച്ച് താലി കെട്ടിയതായി അഖില്‍ സമ്മതിച്ചിട്ടുണ്ട്. അഖിലിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

