സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ് ഇതുവരെ സുനാമിയിലും ഭൂകമ്ബത്തിലും പെട്ട് മരണമടഞ്ഞത്. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും പരുക്കേറ്റ് ചികിത്സയിലാണ്.
ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലെ വടക്കന്‍ പലുവില്‍ സെപ്തംബര്‍ 28 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ആറ് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരകള്‍ ആഞ്ഞടിക്കുകയായിരുന്നു. 66000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ഇന്റര്‍നെറ്റ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു. പലുവില്‍ വ്യാഴാഴ്ചയോടെ വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിച്ചു.

രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ മേഖലകളില്‍ കൂടുതല്‍ സൈനികരെ രംഗത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ദുരിതമേഖലകളില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും ഭക്ഷണക്ഷാമവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് വരികയാണ്. അതേസമയം അടിയന്തര സഹായമായി ഐക്യരാഷ്ട്ര സഭ, ഇന്തോനേഷ്യന്‍ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി ഡോളര്‍ അനുവദിച്ചു. ഇതിന് പുറമെ വിവിധ രാജ്യങ്ങളും ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

