സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് കുരുക്കുമുറുകുന്നു

ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് കുരുക്കുമുറുകുന്നു. തരൂരിനെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാന്‍ കഴിയുന്ന രീതിയിലുള്ള തെളിവുകള്‍ തരൂരിനെതിരേയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേസില്‍ ജൂലൈ ഏഴിന് ഹാജരാകാന്‍ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഇതോടെ കേസില്‍ തരൂരിന്റെ കുരുക്ക് മുറുകി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്.
ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഢനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാല്‍ തരൂരിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ 345-ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നാണ് ഡല്‍ഹി പോലീസിന്റെ നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ തരൂരിനെതിരേ ആരോപണം ഉയരുകയും അന്വേഷണം ഉണ്ടാകുകയും ചെയ്തത്.

