KOYILANDY DIARY.COM

The Perfect News Portal

സീതാറാം യെച്ചൂരിക്ക് നേരെ ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണം

ന്യൂഡല്‍ഹി : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണം. സിപിഐ എമ്മിന്റെ ഡല്‍ഹിയിലെ ഓഫീസായ എകെജി ഭവനിലാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്.

ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. അക്രമികളെ സിപിഐ എം പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പിടികൂടി. ആക്രമണത്തിനിടെ യെച്ചൂരി നിലത്തുവീണു. വൈകിട്ട് നാല് മണിയോടെ പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം.

വാര്‍ത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോള്‍ അക്രമികളായ മൂന്നു പേര്‍ യച്ചൂരിയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസ് മുദ്രാവാക്യങ്ങളും സിപിഎം മൂര്‍ദാബാദ് എന്ന ആക്രോശവുമായി പാഞ്ഞടുത്ത അക്രമികളുടെ പെട്ടെന്നുണ്ടായ കയ്യേറ്റത്തില്‍ യെച്ചൂരി താഴെ വീണു. ഉടന്‍ തന്നെ എകെജി ഭവനിലെ ജീവനക്കാരെത്തി അക്രമികളെ പിടിച്ചുമാറ്റി യെച്ചൂരിയെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു. അക്രമികളെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് പിടിയിലും സിപിഐ എമ്മിന് എതിരായ മുദ്രാവാക്യങ്ങളും ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങളും  ഇവര്‍ വിളിച്ചു പറഞ്ഞു.

Advertisements

കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം ആസ്ഥാനത്തിന് നേരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു എ കെ ജി ഭവനിന് ചുറ്റും ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് മറികടന്ന് അക്രമികള്‍ പാര്‍ടി ഓഫീസില്‍ കടന്നത് ദുരൂഹത ഉളവാക്കുന്നുണ്ട്.  സിപിഐ എം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് യെച്ചൂരിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കാരണം.

നേരത്തെ രണ്ട് തവണയും എകെജി ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം നടന്നിരുന്നു. അതേസമയം, മോഡി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്ന് അക്രമസംഭവത്തെ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പരിഹസിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *