സിപിഐഎമ്മിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ഉല്‍സാഹം: തോമസ് ഐസക്ക്

ഇന്നത്തെ മാധ്യമമേഖല വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. അവിടെ ഒരു സെന്സേഷന് വാര്‍ത്ത ബ്രേക്കു ചെയ്യപ്പെട്ടാല്‍ മറ്റു മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവില്ല. സിപിഐ എമ്മിനെതിരെയാകുമ്പോള്‍ പ്രത്യേകിച്ചും. മത്സരബുദ്ധിയോടെ അവര്‍ വാര്‍ത്ത പടര്‍ത്തും. കൊടിയ കിടമത്സരത്തിന്റെ സമ്മര്‍ദ്ദമാണത്.
സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തിൻ്റെ ‘കൊടിയ അഴിമതി’ എല്ലാവരും കൊണ്ടാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ മനോരമ വിഷന്‍ പ്രതിനിധി ക്യാമ്പു സന്ദര്‍ശിച്ച് ഒരു വ്യത്യസ്ത റിപ്പോര്‍ട്ടു നല്‍കിയത് ഉദാഹരണം. മനോരമ ചാനലിൻ്റെ വാര്‍ത്ത വന്നപ്പോള്‍ ഇതര ചാനലുകള്‍ പിന്‍വലിഞ്ഞു. ബ്രേക്കിംഗ് ന്യൂസ് ആഘോഷവും അവസാനിച്ചു. സംഘപരിവാറിന്റെ കൈയില്‍ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് ഏഷ്യാനെറ്റ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്; തോമസ് ഐസക്ക് എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റ്

ഒറ്റദിവസം കൊണ്ട് സഖാവ് ഓമനക്കുട്ടനെ താരമാക്കിയ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് രസകരമായ ഒരനുഭവമുണ്ടായി. വിവാദപ്പിറ്റേന്ന് ഉച്ചയ്ക്കാണ് ഞാനെത്തിയത്. ജില്ലാ സെക്രട്ടറി ആര് നാസറും ഏരിയാ സെക്രട്ടറി രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഊണുകഴിക്കുന്നോ എന്നായി ക്യാമ്പ് അംഗങ്ങള്‍. മീന്‍ കറിയുണ്ടെന്നു പ്രലോഭനം. എങ്കില്‍, ‘ചോറു വേണ്ട, മീന്‍ പോരട്ടെ’ എന്നായി ഞാന്‍. ചെറുതായൊന്ന് പരിഹസിക്കാന്‍ കിട്ടിയ അവസരം ഒരു ക്യാമ്പ് അംഗം വിട്ടുകളഞ്ഞില്ല. ‘സാറേ, ഇത് സര്‍ക്കാര്‍ വക മീനല്ല, കേട്ടോ’ എന്ന ഡയലോഗ് കൂട്ടച്ചിരി പരത്തി. ഏതായാലും പിരിമുറുക്കം അയഞ്ഞിരുന്നു.

ഒരു രാത്രികൊണ്ട് ഒരു സംഭവം ഇത്തരത്തില്‍ കീഴ്മേല്‍ മറിഞ്ഞ അനുഭവം അപൂര്‍വമായിരിക്കും. റെവന്യൂ സെക്രട്ടറി ഡോ. വേണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെതന്നെ കാര്യങ്ങള്‍ ഏറെക്കുറെ ട്രാക്കിലായിരുന്നു. ക്യാമ്പില്‍ കുറച്ചുനേരം ചെലവഴിച്ചതിന്റെ അനുഭവത്തില്‍ എന്റെ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ പറയട്ടെ.

1.) സിപിഐഎമ്മിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വം ഉത്സാഹിക്കുന്നുണ്ട്. സംഘപരിവാറിൻ്റെ കൈയില്‍ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് ഏഷ്യാനെറ്റ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. അവതാരകൻ്റെയോ നടത്തിപ്പുകാരുടെയോ മുതലാളിയുടെയോ, ആരുടെ അജണ്ടയാണെന്ന അന്വേഷണത്തില്‍ പ്രസക്തിയൊന്നുമില്ല. സമീപനം വ്യക്തമാണ്. അതേസമയം, കേരളത്തിലെ ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഇത്തരക്കാരാണെന്ന നിലപാട് ശരിയുമാവില്ല.
ഇന്നത്തെ മാധ്യമ മേഖല വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. അവിടെ ഒരു സെന്സേഷന് വാര്‍ത്ത ബ്രേക്കു ചെയ്യപ്പെട്ടാല്‍ മറ്റു മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവില്ല. സിപിഐ എമ്മിനെതിരെയാകുമ്പോള്‍ പ്രത്യേകിച്ചും. മത്സരബുദ്ധിയോടെ അവര്‍ വാര്‍ത്ത പടര്‍ത്തും. കൊടിയ കിടമത്സരത്തിൻ്റെ സമ്മര്‍ദ്ദമാണത്. അതിനു കീഴടങ്ങുമ്പോള്‍പ്പോലും തങ്ങള്‍ കൊടുക്കുന്ന വാര്‍ത്തയില്‍ എത്രമാത്രം വസ്തുതയുണ്ട് എന്ന ജാഗ്രത പുലര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവുകയല്ലാതെ, ഇത് അതിജീവിക്കാന്‍ പോംവഴിയില്ല.
അത്തരത്തില്‍ ഓമനക്കുട്ടന് സംഭവത്തിലും വഴിമാറി നടക്കാന്‍ തയ്യാറായ ചാനലുകളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ‘കൊടിയ അഴിമതി’ എല്ലാവരും കൊണ്ടാടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ മനോരമ വിഷന്‍ പ്രതിനിധി ക്യാമ്പു സന്ദര്‍ശിച്ച് ഒരു വ്യത്യസ്ത റിപ്പോര്‍ട്ടു നല്‍കിയത് ഉദാഹരണം. മനോരമ ചാനലിന്റെ വാര്‍ത്ത വന്നപ്പോള്‍ ഇതര ചാനലുകള്‍ പിന്‍വലിഞ്ഞു. ബ്രേക്കിംഗ് ന്യൂസ് ആഘോഷവും അവസാനിച്ചു.

നുണയ്ക്കു മേല്‍ വസ്തുതാന്വേഷണം നേടിയ വിജയമാണത്. തുടര്‍ന്ന് രാജീവ് ദേവരാജിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി മാപ്പു പറഞ്ഞു. ഹര്‍ഷനെപ്പോലുള്ളവര്‍ പരസ്യമായ നിലപാടെടുത്തു. ഞാന്‍ പറഞ്ഞുവരുന്നത്, പ്രശ്നം മാധ്യമ പ്രവര്‍ത്തനത്തിലെ ജനാധിപത്യവത്കരണത്തിൻ്റേതാണ്. പെയ്ഡ് ന്യൂസിന്റെ കാലത്തും മാധ്യമ മേഖലയില്‍ വസ്തുതാന്വേഷണത്തിന് ഇടമുണ്ട്. ആരെങ്കിലും അത്തരത്തില്‍ കഴമ്പുള്ള ഇടപെടല്‍ നടത്തിയാല്‍ നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്‍വലിയേണ്ടിയും വരും. അങ്ങനെയൊരിടവും കേരളത്തില്‍ ലഭ്യമാണെന്ന പാഠമാണ് ഓമനക്കുട്ടന് സംഭവത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പഠിക്കേണ്ടത്.
2.) ദുരിതാശ്വാസക്യാമ്പു നടത്തിപ്പിന് സര്‍ക്കാര്‍ ചില ചിട്ടകളും നിബന്ധനകളും വെച്ചിട്ടുണ്ട്. അതുപ്രകാരമല്ല മേല്‍പ്പറഞ്ഞ ദുരിതാശ്വാസ ക്യാമ്പ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍, അതിനു കാരണക്കാര്‍ അവിടെ താമസിക്കുന്നവരല്ല. അതെങ്ങനെ സംഭവിച്ചു എന്ന് വകുപ്പു പരിശോധിക്കട്ടെ. എനിക്ക് പറയാനുള്ളത് സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും ഓരോ സ്ഥലത്തും ക്യാമ്പുകള്‍ നടക്കുന്നതിന് അതിന്റേതായ കീഴ്വഴക്കങ്ങളുണ്ട്. മിക്കവാറും ക്യാമ്പുകളില്‍ ക്യാമ്പ് അംഗങ്ങള്‍ തന്നെയാണല്ലോ പാചകം ചെയ്യുക. വില്ലേജ് ഓഫീസില്‍ നിന്ന് സ്ലിപ്പ് വാങ്ങി സിവില്‍ സപ്ലൈസിലോ ഹോര്‍ട്ടി കോര്‍പിലോ പോയി അവര്‍തന്നെ സാധനമെടുക്കും. വില്ലേജ് ഓഫീസുകാര്‍ കൊണ്ടുകൊടുക്കുന്നതുവരെ കാത്തിരിക്കാറില്ല. ക്യാമ്പ് നടത്തുന്നതിന് മുന്‍കൈയെടുക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ചുമതലയാണത്.
ക്യാമ്പില്‍ വേണ്ട സാധനങ്ങളും നടത്തിപ്പിനുള്ള പണവും സംഭാവന നല്കുന്ന സന്മനസുള്ളവരുമുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ മനസിലാക്കിവേണം പ്രശ്നങ്ങളെ സമീപിക്കേണ്ടത്. യാന്ത്രികമായ സമീപനം അബദ്ധമാണ്. അതും ഈ വിവാദത്തിലെ വലിയൊരു പാഠമാണ്.
ക്യാമ്പിലേയ്ക്ക് സാധനങ്ങള്‍ കൊണ്ടുവന്നതിന്റെ ഓട്ടോറിക്ഷാക്കൂലി എല്ലാവരും ചേര്‍ന്ന് വഹിച്ചത് എങ്ങനെ വലിയൊരു പാതകമാകും? സര്‍ക്കാരില്‍ നിന്ന് പണം വരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാകാതെ, കാര്യങ്ങള്‍ സുഗമമായി നടക്കണമെന്നേ അവര്‍ കരുതിയുള്ളൂ. അതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടതും ഉടനെ ജാമ്യമില്ലാ കേസെടുത്തതുമൊക്കെ തികഞ്ഞ അസംബന്ധമാണ്.
ഇവിടത്തെ മൂര്‍ത്തമായ സാഹചര്യമെന്താണ്? നല്ലൊരു മഴ പെയ്താല്‍ കറുപ്പേല്‍ചാലിന്റെ ഇരുവശത്തു താമസിക്കുന്നവരെല്ലാം പൊക്കപ്പുറത്ത് താല്‍ക്കാലിക ഷെഡു കെട്ടി താമസം മാറും. അത്രയ്ക്കു വെള്ളക്കെട്ടാണ്. ക്യാമ്പ് നടത്താന്‍ സര്‍ക്കാരില്‍ നിന്ന് വല്ലതും കിട്ടിയാല്‍ വാങ്ങും, ഇല്ലെങ്കില്‍ അന്തേവാസികള്‍ തന്നെ ചെലവ് പങ്കിട്ടെടുക്കും. കഴിഞ്ഞ മുപ്പതു വര്‍ഷമായി അവര്‍ ഇങ്ങനെയാണ് കഴിഞ്ഞു വന്നിരുന്നത്. സാധാരണഗതിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്റെ വളപ്പിലാണ് ഷെഡ് കെട്ടുക. ഇതിനൊരു പ്രതിവിധിയായാണ് അംബേദ്കറുടെ നാമധേയത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ പണിതത്. പഴയ കീഴ്വഴക്കം പുതിയ ഹാളിലും തുടര്‍ന്നു. സാധനങ്ങള്‍ കൊണ്ടുവരുന്നതിന്റെ കണ്‍വെയന്‍സ് ചെലവടക്കം വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങാന്‍ അവകാശമുണ്ട് എന്ന കാര്യം ഓമനക്കുട്ടനോ മറ്റ് ക്യാമ്പ് അംഗങ്ങള്‍ക്കോ അറിയില്ല.

സഹാനുഭൂതിയോടെയാണ് ഇക്കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടത്. റവന്യൂ സെക്രട്ടറി ഡോ. വേണുവിന്റെ സമീപനം ഉദാഹരണം. കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോള്‍ത്തന്നെ പരാതി പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും റവന്യൂവകുപ്പ് കേസുമായി മുന്നോട്ടു പോകില്ല എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. മാത്രമല്ല, ഓമനക്കുട്ടനേറ്റ ക്ഷതങ്ങളുടെ പേരില്‍ ആ സഖാവിനോട് പരസ്യമായി മാപ്പു പറയാനും ഡോ. വേണു തയ്യാറായി. ആ നിലപാടിനെ എത്ര ആവേശത്തോടെയാണ് പൊതുസമൂഹം ഏറ്റെടുത്തത് എന്നു നോക്കൂ.
3.) ഇതൊക്കെപ്പറയുമ്പോള്‍ത്തന്നെ, ഈ വിവാദവുമായി ബന്ധപ്പെട്ടുയരുന്നതും ഇനിയും പരിഹരിക്കേണ്ടതുമായ പ്രശ്നം വികസനത്തിന്റേതാണ് എന്നു കാണാതിരുന്നുകൂട. വീട്, വൈദ്യുതി, വെള്ളം എന്നിങ്ങനെ ഈ പ്രദേശം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനും പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല.
പൊതുവില്‍ പട്ടികജാതി വികസന പുരോഗതിയുണ്ടെന്നു പറയുമ്പോള്‍ത്തന്നെ ചില പ്രദേശങ്ങളും ഉപവിഭാഗങ്ങളും പരിഗണനയില്‍ നിന്ന് വിട്ടുപോകുന്നു. പ്രശ്നങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവും പ്രാദേശിക സര്‍ക്കാരുകള്‍ക്കില്ല എന്നു ഞാന്‍ പറയില്ല. കറുപ്പേല്‍ച്ചാല്‍ ആഴം കൂട്ടി പുനരുദ്ധരിച്ച് ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയ്ക്കാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാന വകയിരുത്തലുകളിലൊന്ന്. ഈ പദ്ധതിയുടെ മുന്നൊരുക്കമായി നടത്തിയ പുഴനടത്തത്തില്‍ ഞാനും സ. തിലോത്തമനും പങ്കാളികളുമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നബാര്‍ഡ് സഹായം ലഭ്യമാകാത്തതുകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല.
വെള്ളക്കെട്ടിനോടൊപ്പം വീട്, വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയൊക്കെ ഒരു സംയോജിത പരിപാടിയിലൂടെ പരിഹരിക്കാന്‍ കഴിയണം. അംബേദ്കര്‍ പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ട് അതിന്റെ പണിയൊന്നും ആരംഭിച്ചിട്ടില്ല എന്ന് ക്യാമ്പ് അംഗങ്ങള്‍ എന്നോടു പറഞ്ഞു.
ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയോജിതമായ പദ്ധതിയുണ്ടാക്കി സമയബന്ധിതമായി നടപ്പിലാക്കുകയാണ് വേണ്ടത്. അതു ചെയ്യാം എന്നുറപ്പു നല്‍കിയാണ് ഞാന്‍ ക്യാമ്പില്‍നിന്ന് പിരിഞ്ഞത്.
4.) പാര്‍ടി നടപടിയ്ക്കു വിധേയനായപ്പോഴും ഓമനക്കുട്ടന് ഒരുത്തമ സഖാവിനെപ്പോലെ പ്രതികരിച്ചു എന്നത് എല്ലാവര്ക്കും ഒരു മാതൃകയാണ്. അണികള്‍ക്കു മാത്രമല്ല, നേതാക്കള്‍ക്കും ഓമനക്കുട്ടനില്‍ നിന്ന് ചില അടിസ്ഥാനപാഠങ്ങള്‍ പഠിക്കാനുണ്ട്. ഒരിക്കല്‍പ്പോലും ഓമനക്കുട്ടന് പാര്‍ടി തീരുമാനത്തെ വെല്ലുവിളിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല. തന്റെ ഭാഗമാണ് ശരിയെന്ന് സര്‍ക്കാരും നാടും അംഗീകരിച്ചപ്പോഴും യഥാര്‍ത്ഥ സഖാവായിത്തന്നെ ഓമനക്കുട്ടന് പെരുമാറി.
കാലവർഷ കെടുതിയിൽ കൊയിലാണ്ടി ഹാർബറിലെ ബോട്ടുകൾക്ക് 1 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു
അതേസമയം, ആരോപിതമായ കുറ്റത്തെക്കുറിച്ച് കുമ്പസാരത്തിന് തയ്യാറായതുമില്ല. തലയുയര്‍ത്തി നിന്നുകൊണ്ടാണ്, അന്വേഷണത്തിലൂടെ തൻ്റെ പാര്‍ടി ശരിയായ നിലപാടിലെത്തും എന്ന ശുഭപ്രതീക്ഷ
ആ സഖാവ് ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ടി നിലപാടും ഓമനക്കുട്ടൻ്റെ നിലപാടും ഒരേസമയം ശരിയാകുന്നതെങ്ങനെ എന്നൊക്കെ ചാനലുകള്‍ കുത്തിക്കുത്തിച്ചോദിച്ചിട്ടും പാര്‍ടിയ്ക്കെതിരെ ഒരക്ഷരം ആ സഖാവിന്റെ നാവില്‍ നിന്നു വീണില്ല. തന്റെ ഈ നിലപാടില്‍ ഒരു വൈരുദ്ധ്യവും ഓമനക്കുട്ടന് കാണുന്നില്ല. ഓമനക്കുട്ടന് തിരിച്ചറിഞ്ഞില്ലെങ്കിലും ഇതിനെയാണ് ഡയലക്റ്റിക്കല്‍ വിശകലന രീതിയെന്നു പറയുന്നത്.
5.) നാട്ടില്‍ എത്രയോ നാളായി നടന്നു വരുന്ന ഒരു സാധാരണകാര്യത്തെ ഇത്തരത്തില്‍ വലിയൊരു വിവാദമാക്കിയ സ്രോതസ് ഏതാണ്? ഈ ക്യാമ്പിന് തൊട്ടടുത്ത് വിവി ഗ്രാമം എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള മൂന്നു കുടുംബങ്ങള്‍ കൂടി ഇത്തവണ ഈ ക്യാമ്പിലേയ്ക്ക് വന്നു. തുടര്‍ന്ന് അവരെ ഉള്‍പ്പെടുത്തണോ എന്ന് ചെറിയൊരു തര്‍ക്കമൊക്കെ ഉണ്ടാവുകയും ചെയ്തു. ഓമനക്കുട്ടന് ഇടപെട്ടാണ് അവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു
അതിലൊരു കുടുംബത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുണ്ട്. അയാളാണ് ഓട്ടോക്കൂലി പങ്കിട്ടെടുക്കുന്ന സന്ദര്‍ഭം വീഡിയോയില്‍ പകര്‍ത്തി, ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണപ്പിരിവു നടക്കുന്നു എന്ന വ്യാഖ്യാനം ചമച്ച് പ്രചരിപ്പിച്ചത്. നമ്മുടെ സമൂഹത്തിന് അപകടകരമായ ഇങ്ങനെയൊരു ജനുസ് ഉണ്ടായിട്ടുണ്ട് എന്നും നാം കാണണം. ഇവര്‍ക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സംസ്ക്കാരവുമായി ഒരു ബന്ധവുമില്ല.
ഉദാഹരണത്തിന് എന്റെ പോസ്റ്റുകള്‍ക്കടയില്‍ ഈ വിഭാഗത്തിന്റെ കമന്റുകള്‍ കാണുക. ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പോസ്റ്റൊഴികെ മറ്റെല്ലാ പോസ്റ്റിലും ഈ ദുഷിച്ച സംസ്ക്കാരം പ്രകടമാണ്. പൊതുവില്‍ കാര്യങ്ങളെ സംവാദാത്മകമായാണ് ഞാന്‍ സമീപിക്കുന്നത്. അവിടെ വന്ന് ഇത്തരത്തില്‍ ഭാഷ ഉപയോഗിക്കേണ്ട ഒരു കാര്യവുമില്ല. ആ കമമൻ്റുകളൊന്നും ഡിലീറ്റു ചെയ്യുന്നില്ല. അക്കൂട്ടരുടെ സംസ്ക്കാരത്തിന്റെ സ്മാരകമായി ആ കമൻ്റുകള്‍ അവിടെ കിടക്കട്ടെ.
ഇമ്മട്ടില്‍ നുണ പ്രചരിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണം എന്നു മാത്രം പറയട്ടെ.
