സിനിമാ ചിത്രീകരണ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം: രണ്ട് പേർ അറസ്റ്റിൽ

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിന് സമീപം സിനിമാ ചിത്രീകരണ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം. മോഷണം നടത്തിയ രണ്ട് യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി കണയങ്കോട് കൊപ്ര പാണ്ടിക വീട്ടില്‍ ആഷിക്(26), നടേരി കണ്ണാറ്റിട വയല്‍ക്കുനി നിഷാദ്(23) എന്നിവരെയാണ് സി.ഐ. കെ. ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 30-നായിരുന്നു മോഷണം. സിനിമാപ്രവര്‍ത്തകരുടെ 50,000 രൂപ, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവയോടൊപ്പം തിരക്കഥയും പ്രതികള്‍ മോഷ്ടിച്ചിരുന്നു. തിരക്കഥ മോഷണം പോയതോടെ സിനിമാ ചിത്രീകരണം നിര്‍ത്തിവേക്കേണ്ടി വന്നു.

30-ന് രാത്രി തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കുശേഷം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സിനിമാ പ്രവര്‍ത്തകരായ ആറുപേര്‍ ഉറങ്ങാന്‍ കിടന്നതെന്ന് സംവിധായകന് ചേവായൂര്‍ സ്വദേശി ബിനിഷ് പറഞ്ഞു. നാലുമണിയോടെയാണ് പ്രതികള്‍ അകത്തു കയറിയത്. ധരിച്ച വസ്ത്രമൊഴിച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ബ്രഷും പേസ്റ്റും സോപ്പും വസ്ത്രങ്ങളും ചെരിപ്പും മോഷ്ടിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. കളവ് നടന്ന് 48 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. മുമ്പും ഇത്തരം കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

സി.ഐ.യെ കൂടാതെ എസ്.ഐ. വി. വിജേഷ്, എസ്.ഐ. സാജു അബ്രഹാം, കെ. ബാബുരാജ്, എ.എസ്.ഐ. എ. രാധാകൃഷ്ണന്, മുനീര്‍, സീനിയര്‍ സിവില്‍ പോലീസുകാരായ ഗിരീഷ്, റിജുകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

രാഹുല്‍ മാധവ്, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഹാസ്യസിനിമയുടെ ചിത്രീകരണമാണ് നടക്കാനിരുന്നത്. തിരക്കഥ വീണ്ടും തയ്യാറാക്കുന്ന തിരക്കിലാണ് ഇവരിപ്പോള്‍.
